ഇന്ന്(ഒക്‌ടോബര്‍ 10) ലോക മാനസിക ആരോഗ്യ ദിനം. ആളുകളില്‍ മാനസിക ആരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകം മുഴുവനും ഒക്‌ടോബര്‍ 10ന് മാനസിക ആരോഗ്യ ദിനമായി ആചരിക്കുന്നത്. തങ്ങളുടെ മാനസിക ആരോഗ്യത്തെ കുറിച്ച് മറ്റുള്ളവരോട് തുറന്ന് പറയാന്‍ മടി കാണിക്കുന്നവരാണ് ഭൂരുഭാഗം ആളികളും. മറ്റുള്ളവര്‍ തങ്ങളെ മാനസികമായി അസ്ഥിരതയുള്ളവരായി കാണുമെന്ന ഭയമാണ് ഇതിന്‍റെ മൂല കാരണം.
എന്നാല്‍, ഇന്ന് പ്രധാനമായും കൊവിഡ് പ്രതിസന്ധിക്ക് ശേഷം, തങ്ങളെ ചുറ്റിപറ്റിയുള്ള ആളുകളുടെ മാനസിക ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഏറെ കുറെ എല്ലാവരും ബോധവാന്‍മാരാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ എണ്ണത്തില്‍ പ്രായഭേദമന്യേ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മാനസികാരോഗ്യ വിദഗ്‌ധരും നിരീക്ഷകരും പറയുന്നു. അതിനാല്‍ തന്നെ ഇന്നത്തെ കാലഘട്ടത്തില്‍ ലോക മാനസിക ആരോഗ്യ ദിനത്തിന്‍റെ പ്രധാന്യം ഏറെയാണ്.
മാനസിക വെല്ലുവിളിയേയും രോഗത്തെയും കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും വേൾഡ് ഫെഡറേഷൻ ഫോർ മെന്‍റല്‍ ഹെൽത്ത് വിവിധ തരത്തിലുള്ള പ്രമേയം അവതരിപ്പിക്കാറുണ്ട്. ഈ വര്‍ഷം, 'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുൻഗണനയാക്കുക' എന്നതാണ് വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്‍റെ മുദ്രാവാക്യം. 1992ലാണ് വേള്‍ഡ് ഫെഡറേഷന്‍ ലോക മാനസിക ആരോഗ്യ ദിനമായി പ്രഖ്യാപിച്ചത്. 1994ല്‍ ഐക്യരാഷ്‌ട്ര സഭയാണ് മാനസിക ആരോഗ്യ ദിനത്തിന്‍റെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ പുതിയ പ്രമേയം അവതരിപ്പിക്കുക എന്ന ആശയം അവതരിപ്പിച്ചത്.
മാസിക വെല്ലുവിളിയെകുറിച്ച് മാനസികാരോഗ്യ വിദഗ്‌ധര്‍ പറയുന്നതിങ്ങനെ: പല കാരണങ്ങള്‍കൊണ്ടും മാനസിക വെല്ലുവിളിയെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ അടുത്തിടെയായി വര്‍ധിച്ചുവെന്ന് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള മാനസികാരോഗ്യ വിദഗ്‌ധ ഡോ. വീണ കൃഷ്‌ണന്‍ പറയുന്നു. ഇതിന് കാരണവും മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ ഗണ്യമായ വര്‍ധനവാണ്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ തങ്ങള്‍ നേരിടുന്നു എന്ന് മനസിലാക്കിയിട്ട് പോലും മിക്ക ആളുകളും ഡോക്‌ടറുടെ സഹായം തേടുന്നത് നിരസിക്കുന്നു എന്നത് ഒരു പ്രധാന പ്രശ്‌നമാണ്.
എന്നാല്‍ , മറുവശത്ത് ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ പോലും തങ്ങള്‍ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്ത ചില ആളുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. വിദ്യാഭ്യാസം, ജോലി, സ്ഥിരമല്ലാത്ത ഭാവി, പ്രണയം, ജോലിയില്‍ നേരിടുന്ന സമ്മര്‍ദം, ഏതെങ്കിലും സ്‌ഫോടനത്തില്‍ നിന്നോ അപകടത്തില്‍ നിന്നോ ഉണ്ടായ പ്രത്യാഘാതം, മെച്ചമില്ലാത്ത ജീവിത ശൈലി തുടങ്ങി നിരവധി കാരണങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദം എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് നേരിടേണ്ടി വരുന്നു. ഇതില്‍ ഭൂരിഭാഗവും കുട്ടികള്‍ അല്ലെങ്കില്‍ കൗമാര പ്രായക്കാരാണ്.
മാനസിക വെല്ലുവിളി നേരിടുന്ന ഭൂരിഭാഗം പേര്‍ കുട്ടികള്‍: ലോകം മുഴുവനുമുള്ള 10 മുതല്‍ 19 വയസ് വരെ പ്രായമുള്ളവരില്‍ 16ശതമാനം ആളുകളും മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. നാലിലൊരാള്‍ക്ക് ജീവിതത്തിന്‍റെ ചില ഘട്ടങ്ങളിലെത്തുമ്പോള്‍ മാനസികമായ വെല്ലുവിളിയോ നാഡീസംബന്ധമായ പ്രശ്‌നങ്ങളോ നേരിടേണ്ടി വരുന്നുണ്ടെന്ന് ചില സംഘടനകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ലോകം മുഴുവനുമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 450 ദശലക്ഷം ആളുകള്‍ക്കാണ് മാനസികമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്.
ഇന്ത്യയില്‍ മാനസിക സംരക്ഷണത്തിനായി സര്‍ക്കാര്‍ ധാരാളം പിന്തുണ നല്‍കാറുണ്ട്. ജനങ്ങളുടെ മാനസിക ആരോഗ്യത്തെ കണക്കിലെടുത്തുകൊണ്ട് രാജ്യത്തെ സര്‍ക്കാര്‍ 1982ല്‍ ദേശീയ മാനസിക ആരോഗ്യ പരിപാടി രൂപീകരിച്ചു. മാനസികാരോഗ്യ സംരക്ഷണത്തെ പ്രാഥമിക ആരോഗ്യ പരിപാലനത്തിലേക്ക് സംയോജിപ്പിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് കെയറിലേക്ക് നീങ്ങുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. 2014 ഒക്‌ടോബര്‍ 10ന് ദേശീയ മാനസികാരോഗ്യ നയവും സര്‍ക്കാര്‍ രൂപീകരിച്ചു.
മാസിക ആരോഗ്യ സേവനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തൊടെ രാജ്യത്തെ സര്‍ക്കാര്‍ 2017ല്‍ മാനസിക ആരോഗ്യ സംരക്ഷണ നിയമം കൊണ്ടുവന്നു. ഇതിനുപുറമെ, സമ്മർദം, ഉത്കണ്ഠ, വിഷാദം എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കൊവിഡ് കാലത്ത് സർക്കാർ 13 ഭാഷകളിൽ ടോൾ ഫ്രീ മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ 'കിരൺ' എന്ന പേരില്‍ ആരംഭിച്ചു. പാനിക് അറ്റാക്ക്, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ലഹരിവസ്‌തുക്കളുടെ ദുരുപയോഗം, ആത്മഹത്യ ചിന്തകൾ, പാൻഡെമിക്-പ്രേരിത മാനസിക പ്രശ്നങ്ങൾ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികമ്മ്യൂണിക്കേഷന്‍ വഴി ആശ്വാസം പകരുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
പ്രശ്‌നങ്ങള്‍ പലവിധം: മാനസിക പ്രശ്‌നങ്ങളോ രോഗങ്ങളോ പലവിധത്തിലാണ്. നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, ശാരീരിക രോഗങ്ങള്‍, വയസാകുന്നത്, പാരമ്പര്യം, അപകടങ്ങള്‍ മൂലം സംഭവിച്ച ഷോക്ക്, ശാരീരികമായ ദുരുപയോഗം, കുടുംബ പ്രശ്‌നങ്ങള്‍, ഏകാന്തത, മോശം ജീവിതശൈലി എന്നിവയാണ്. ചില ഘട്ടങ്ങളില്‍ രോഗി ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ സ്വയമോ മറ്റുള്ളവരെയോ മുറിവേല്‍പ്പിക്കുകയോ ചെയ്‌തേക്കാം. അതിനാല്‍ രോഗത്തിന്‍റെ ആരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടത് വളരെയധികം ആവശ്യമാണ്.
നിലവിൽ, വിഷാദരോഗം അല്ലെങ്കിൽ സമ്മർദം എന്നിവ പലതരത്തില്‍ കാണപ്പെടുന്നു. ഉത്കണ്ഠ വൈകല്യങ്ങൾ (GAD), ഒബ്‌സീവ്-കംപൾസീവ് ഡിസോർഡർ (OCD), പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), സോഷ്യൽ ആക്‌സൈറ്റി ഡിസോർഡർ, ഡിമെൻഷ്യ എന്നിവയാണ് ആളുകളിൽ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ. അതേസമയം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം, മിക്‌സഡ് ഡിമെൻഷ്യ, ഈറ്റിംഗ് ഡിസോർഡർ, സ്‌കീസോഫ്രീനിയ, സ്‌കീസോഫെക്റ്റീവ് ഡിസോർഡർ, ബ്രീഫ് സൈക്കോട്ടിക് ഡിസോർഡർ, ഡില്യൂഷൻ ഡിസോർഡർ, സബ്സ്റ്റൻസ് ഇൻഡുസ്‌ഡ് മൂഡ് ഡിസോർഡർ, സൈക്കോട്ടിക് ഡിസോർഡർ തുടങ്ങിയവയാണ് മറവിരോഗത്തിന്‍റെ വിവിധ രൂപങ്ങള്‍.
മാനസിക പ്രശ്‌നങ്ങള്‍ എത്ര തരത്തില്‍ ഉണ്ടെന്നോ അവയുടെ ലക്ഷണങ്ങള്‍ എന്തൊക്കയാണ് എന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ല. വിദ്യാഭ്യാസം ലഭിച്ച ആളുകള്‍ പോലും അവയെ പരിഗണിക്കുന്നില്ല. എന്നാല്‍, മാനസിക വിഭ്രാന്തിയുടെയോ രോഗത്തിന്റെയോ ലക്ഷണങ്ങൾ വ്യക്തമായി തിരിച്ചറിയപ്പെടുമ്പോഴേക്കും രോഗിയുടെ അവസ്ഥ വളരെയധികം വഷളാകും. സ്വന്തം മാനസികാരോഗ്യം മാത്രമല്ല, സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പെരുമാറ്റത്തിലും നാം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒരാളുടെ പെരുമാറ്റത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളോ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, അവരോട് സംസാരിക്കുവാനും അവരുടെ പ്രശ്‌നം മനസിലാക്കാനും ആവശ്യമെങ്കിൽ വൈദ്യസഹായം തേടാനും അവരെ പ്രോത്സാഹിപ്പിക്കണമെന്ന് ഡോ വീണ നിര്‍ദേശിക്കുന്നു.