ലോസ് ആഞ്ചലസ് : വാക്‌സിൻ എടുക്കാത്ത, ഒമിക്രോൺ ബാധിച്ച ആളുകൾക്ക് കൊവിഡിന്‍റെ മറ്റ് വകഭേദങ്ങൾക്കെതിരായ ദീർഘകാല പ്രതിരോധ ശേഷി, കുത്തിവയ്‌പ്പ് എടുത്തവരെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പഠനം. സാൻ ഫ്രാൻസിസ്കോയിലെ ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെയും കാലിഫോർണിയ സർവകലാശാലയിലെയും (യുസിഎസ്എഫ്) ഗവേഷകരുടെ നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ.
വാക്‌സിനേഷൻ എടുക്കാത്തവരിലുണ്ടാകുന്ന ഒമിക്രോൺ അണുബാധ വാക്‌സിന്‍റെ ഒരു ഷോട്ട് എടുക്കുന്നതിന് തുല്യമായിരിക്കും. ഇത് കൊവിഡിനെതിരെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും വളരെ വ്യാപ്‌തിയുള്ളതല്ല എന്ന് ഗ്ലാഡ്‌സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടറും സഹ-ഗവേഷകയുമായ മെലാനി ഒട്ട് പറഞ്ഞു.
Also Read: ഈസ്ട്രജൻ ചികിത്സ കൊവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ സഹായിക്കും
പഠനത്തിന്‍റെ ഭാഗമായി ഗവേഷകർ ആദ്യം എലികളിൽ ഒമിക്രോണിന്‍റെ സ്വാധീനം പരിശോധിച്ചു. കൊവിഡ് 19ന്‍റെയും ഡെൽറ്റയുടേയും മുൻപത്തെ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എലികളിൽ ഒമിക്രോൺ ലക്ഷണങ്ങൾ വളരെ കുറവായി കാണപ്പെട്ടു. എന്നാൽ വളരെ താഴ്‌ന്ന നിലയിലാണെങ്കിലും ശ്വാസനാളങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒമിക്രോണിന് ഒറ്റപ്പെട്ട മനുഷ്യകോശങ്ങളെ ബാധിക്കാൻ കഴിഞ്ഞുവെന്ന് പഠനം കണ്ടെത്തി.നേരിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും ഒമിക്രോൺ ബാധിച്ച എലികളിലെ പ്രതിരോധ സംവിധാനം മറ്റ് വൈറസുകളിൽ കാണപ്പെടുന്നതിന് സമാനമായ ടി സെല്ലുകളും ആന്‍റീബോഡികളും ഉത്‌പാദിപ്പിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.