ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കൊവിഡ് വകഭേദമായ ബിഎഫ് 7 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. അതേസമയം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 6,000 അന്താരാഷ്‌ട്ര യാത്രക്കാരെ കൊവിഡ് ടെസ്‌റ്റിന് വിധേയരാക്കിയതില്‍ 38 പേർ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും മാണ്ഡവ്യ പറഞ്ഞു.
പുതിയ വകഭേദം ഇന്ത്യയിൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത 30 ദിവസങ്ങൾ നിർണായകമാണ്. ഇന്ത്യ ഇതുവരെ കൊവിഡ് 19 ന്‍റെ 220 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് അവരുടെ നിലവിലെ ആരോഗ്യസ്ഥിതി സ്ഥിരീകരിക്കാൻ എയർ സുവിധ ഫോം പൂരിപ്പിക്കൽ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അതുകൊണ്ട് തന്നെ ഈ ക്രമീകരണത്തിന് കീഴിൽ യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് 24 മണിക്കൂർ മുൻപ് ആർടിപിസിആർ നടത്തേണ്ടതുണ്ട്. പല സംസ്ഥാനങ്ങളും വാക്‌സിനുകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്‌തിട്ടുള്ളതിനാൽ അത് ലഘൂകരിക്കാൻ ഡോസുകൾ അധികമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം ഡോസുകൾ എത്തിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേസുകളുടെ വർധനവ് നേരിടാനുള്ള രാജ്യത്തിന്‍റെ തയ്യാറെടുപ്പ് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യോഗങ്ങൾ നടത്തിയിരുന്നു. ചൊവ്വാഴ്‌ച ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടന്നതായും മാണ്ഡവ്യ പറഞ്ഞു.