നാമെല്ലാവരും എപ്പോഴും എന്തെങ്കിലും കാര്യത്തെ കുറിച്ച് ചിന്തിക്കുന്നവരാണ്. ചിലപ്പോഴൊക്കെ ഇത്തരം ചിന്തകള്‍ നീണ്ടുപോകാറുമുണ്ട്. തല പുകച്ചു കളയുന്ന തരത്തില്‍ ചിന്തകള്‍ ശക്തമാകാനും ഇടയുണ്ട്.
ഇത്തരം ചിന്തകളും ആലോചനകളും നമ്മെ അസ്വസ്ഥമാക്കും. നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്ന് നമ്മെ വേര്‍പെടുത്താന്‍ ഇത്തരം ചിന്തകള്‍ക്ക് കഴിയും. അമിതമായി ചിന്തിക്കുന്നത് ഒരു ശീലമായി മാറുകയും താമസിയാതെ അത് നമ്മുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് റേഡിയോ അവതാരികയും, നിര്‍മാതാവും, ടൂ ഫാറ്റ് ടൂ ലൗഡ് ടൂ ആംബിഷ്യസിന്‍റെ രചയിതാവുമായ ദേവിന കൗർ.
സ്വയം അറിയുക: നമ്മളെ കുറിച്ചുള്ള ചിന്തകള്‍ നമ്മെത്തന്നെ നന്നായി അറിയുന്നതിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ആവശ്യത്തിലധികം അവയിൽ മുഴുകുന്നത് അനാരോഗ്യകരമാകും. അമിതമായി ചിന്തിക്കുന്നത് ആസക്തി ഉണ്ടാക്കുന്നു.
ഇത്തരത്തില്‍ അമിതമായി ചിന്തിക്കുന്ന ഒരാള്‍ക്ക് അത് ഒറ്റയടിക്ക് നിര്‍ത്താന്‍ സാധിക്കില്ല. പക്ഷേ, നമ്മളെയും നമ്മുടെ ചിന്തകളെയും മനസിലാക്കുകയും, ചിന്തകള്‍ക്കായി എത്ര സമയം ചിലവഴിക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുക. ഒപ്പം നമ്മുടെ ചിന്തകളില്‍ ഉപയോഗമില്ലാത്തവയെ മനസിലാക്കി അവ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ മാനസികാരോഗ്യം വീണ്ടെടുക്കാം.
നിങ്ങളുടെ ഭൂതകാലവും ഭയവും അംഗീകരിക്കുക: പലപ്പോഴും, അമിതമായി ചിന്തിക്കുന്നത് നമ്മുടെ ഭയം കൊണ്ടും നമ്മുടെ മുൻകാല പ്രവർത്തനങ്ങള്‍ കൊണ്ടുമാണ്. മനുഷ്യരെന്ന നിലയിൽ, നമ്മുടെ ഭൂതകാലത്തിൽ നിന്ന് പശ്ചാത്താപവും കുറ്റബോധവും നാം എപ്പോഴും മനസില്‍ കൊണ്ട് നടക്കാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച എന്തോ ഒന്ന് ഇപ്പോഴും നമ്മെ വേട്ടയാടുന്ന അവസ്ഥ.
അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം, നിങ്ങളുടെ കുറവുകളും തെറ്റുകളും ഭയവും അംഗീകരിക്കുക എന്നതാണ്. നിങ്ങളുടെ യഥാർഥ സ്വത്വം മനസിലാക്കി സ്വയം കാണാൻ തുടങ്ങുകയും, നിങ്ങൾ സ്വയം അംഗീകരിക്കാൻ ശ്രമിക്കുകയും ചെയ്‌താല്‍, കാലക്രമേണ, നിങ്ങൾ വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതിനകം സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്കാതിരിക്കാനും പഠിക്കും.
മാനസിക സമ്മർദവും നെഗറ്റീവ് ചിന്തകളും ഒഴിവാക്കുക: നെഗറ്റീവ് ചിന്തകള്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും. ഇത്തരം ചിന്തകള്‍ ഒഴിവാക്കാനായി രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ധ്യാനിക്കുകയും നിങ്ങളുടെ അന്നത്തെ ദിവസം വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമാണ്. നിങ്ങൾക്ക് സംഭവിച്ച നല്ല കാര്യങ്ങളില്‍ സ്വയം അഭിനന്ദിക്കുകയും നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുകയും ചെയ്യുക, തെറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്.
മിറർ തെറാപ്പി: അമിതമായി ചിന്തിക്കുന്നതിന്‍റെ പാർശ്വഫലങ്ങളിലൊന്ന് സ്വയം തോന്നുന്ന സംശയമാണ്. നമുക്ക് നമ്മെ തന്നെ സംശയം തോന്നിയാല്‍ അവ തെരഞ്ഞെടുപ്പുകളെ അനിശ്ചിതത്വത്തിലാക്കുകയും തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. സ്വയം സംശയത്തെ മറികടക്കാനുള്ള ഒരു മാർഗം മിറർ തെറാപ്പി ആണ്.
മിറർ തെറാപ്പിയിൽ, കണ്ണാടിക്ക് മുന്നിൽ നിൽക്കുക, നിങ്ങൾ ആത്മവിശ്വാസമുള്ള ആളാണെന്ന് സ്വയം പറയുക, നിങ്ങളുടെ ശരീരത്തെയും മനസിനെയും അഭിനന്ദിക്കുക. ഇത് ഒരു ദിനചര്യയായി മാറിയാൽ, പോരായ്‌മകൾ കാണുന്നതിനുപകരം, നിങ്ങളിലുള്ള പോസിറ്റിവിറ്റി നിങ്ങൾ ശ്രദ്ധിക്കും, നിങ്ങള്‍ക്ക് മുമ്പത്തേക്കാൾ കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും.