സൗം എന്ന് ഖുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ള വ്രതാനുഷ്ഠാനം അഥവ നോമ്പ് ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കര്‍മങ്ങളില്‍ ഒന്നാണ്. ഉപേക്ഷിക്കൽ, വെടിയൽ എന്നിവയൊക്കെയാണ് സൗം എന്ന വാക്കിന്‍റെ ഭാഷാര്‍ഥം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ശാരീരിക ബന്ധവും പൂര്‍ണമായും ഉപേക്ഷിക്കലാണ് നോമ്പിന്‍റെ ഭൗതിക രൂപം.
ദിവസവും ചെയ്യുന്ന ആരാധന കര്‍മങ്ങളും പ്രാര്‍ഥനകളും വര്‍ധിപ്പിച്ച് മോശം വാക്കും പ്രവൃത്തിയും ഉപേക്ഷിച്ച് മനസിനെ ശുദ്ധീകരിക്കുക എന്നതാണ് നോമ്പിന്‍റെ ആത്മീയ രൂപം. അതുകൊണ്ട് തന്നെ നോമ്പെന്നാല്‍ ഒരേ സമയം ശാരീരികവും മാനസികവുമായ നിയന്ത്രമാണെന്ന് പറയാം. വര്‍ഷത്തില്‍ ഒരു മാസം നോമ്പെടുക്കുന്ന വ്യക്തികളില്‍ ശാരീരികമായ ബുദ്ധിമുട്ടുകളിലും രോഗങ്ങളിലും കുറവുണ്ടാകുമെന്നാണ് ഇസ്‌ലാമിക വിശ്വാസം.
നോമ്പിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് ഇങ്ങനെയാണ് 'രോഗങ്ങൾ ദുരിതം വിതക്കുന്നതിന് മുമ്പ് നല്ല ആരോഗ്യത്തോടെ ജീവിക്കാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്' വേണ്ടത്. ഇതില്‍ നിന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്‌ലാം എത്ര പ്രാധാന്യം നല്‍ക്കുന്നുണ്ടെന്ന് മനസിലാക്കാം. ശരിയായ ഭക്ഷണ രീതി ആത്മ നിയന്ത്രണം അച്ചടക്കം തുടങ്ങിയ മാനുഷിക ഗുണങ്ങള്‍ എങ്ങനെ ജീവിതത്തിന്‍റെ ഭാഗമാക്കാമെന്ന് റമദാന്‍ വ്രതം നമ്മെ പഠിപ്പിക്കുന്നു.
കടുത്ത വേനലും ഇതിനൊപ്പം ഇത്തരം നോമ്പും പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും റമദാൻ കാലത്തെ ഡ്രൈ ഫാസ്റ്റിംഗിന് ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ഇതു പോലെ നോമ്പു സമയത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യകരമായി ഭക്ഷണം കഴിയ്‌ക്കേണ്ട രീതിയും അറിയേണ്ടതുണ്ട്.
ഡ്രൈ ഫാസ്റ്റിങ്: നമ്മുടെ ശരീരത്തിലെ സൈറ്റോകീന്‍സ് എന്ന പ്രോട്ടീന്‍ തന്മാത്രകള്‍ റമദാൻ വ്രതം എടുക്കുന്നതിലൂടെ ഡ്രൈ ഫാസ്റ്റിംഗിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ഇവയാണ് ശരീരത്തിലെ പ്രതിരോധശേഷിയെ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ സഹായിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും അപകടമാണ്. സൈറ്റോകിന്‍സിനെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്തി ശരീരത്തിന് വരാന്‍ സാധ്യതയുളള രോഗങ്ങള്‍ പിടിച്ചു നിര്‍ത്താന്‍ ഡ്രൈ ഫാസ്റ്റിംഗ് നല്ലതാണ്.
നോമ്പ് തുറക്കുന്ന സമയത്ത് മിതമായ അളവില്‍:- രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതിരുന്ന് നോമ്പ് തുറക്കുന്ന സമയത്ത് കഴിയുന്നത്ര ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരം രീതി പിന്തുടര്‍ന്നാല്‍ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. നോമ്പ് തുറക്കുമ്പോള്‍ മിതമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ശേഷം ഒരിടവേളക്കപ്പുറം നന്നായി ഭക്ഷണം കഴിക്കാം.
നോമ്പ് തുറക്കാൻ ഈത്തപ്പഴം:- ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും. ഇത്തരത്തില്‍ നോമ്പ് തുറന്നതിന് ശേഷം ഇളനീര്‍ കുടിക്കുന്നതും അത്യുത്തമമാണ്.
ലഘുഭക്ഷണം:- നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, ചെറുപഴം എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ഭക്ഷണ രീതിയിലൂടെ ദഹന പ്രക്രിയയും അതുപോലെ ക്ഷീണം ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
- മൽസ്യം, മാംസം എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നത് നല്ലതാണ്.
- അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല, പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
- അത്താഴത്തിന് അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്‍, പച്ചക്കറി വിഭവങ്ങള്‍, സൂപ്പുകള്‍ എന്നിവ കഴിക്കാം
- നോമ്പ് സമയത്ത് മിക്ക ആളുകളും നേരിടുനന് ഒരു പ്രശ്നമാണ് നിര്‍ജലീകരണം
- പ്രമേഹ രോഗികള്‍ നോമ്പുതുറയ്ക്ക് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ ഒഴിവാക്കണം
- എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിർത്തരുത്
- നോമ്പ് കാലത്ത് കട്ടികുറഞ്ഞ ആഹാര പദാര്‍ഥങ്ങള്‍ ഉപയോഗിക്കുക
എന്താണ് നോമ്പ്: സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും ഉപേക്ഷിച്ച് ആത്മ നിയന്ത്രണങ്ങളോടെ സൽക്കർമ്മങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ ഒരാളുടെ മനസും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു എന്നതാണ് നോമ്പിന് പിന്നിലെ തത്ത്വം. മോശമായ ചിന്തയോ വാക്കോ പ്രവൃത്തിയോ നോമ്പിന് ഭംഗം വരുത്തും. അഹങ്കാരം, അസൂയ, വിദ്വേഷം, പക തുടങ്ങിയ ദുർവിചാരങ്ങളെല്ലാം ഉപേക്ഷിച്ച് ശുദ്ധ മനസ്സിന് ഉടമയാകുക എന്നതാണ് നോമ്പിന്‍റെ മറ്റൊരു ലക്ഷ്യം.
ദൈവ മാർഗത്തിലുള്ള പരിപൂർണ സമർപ്പണമാണത്. വിശപ്പിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുമ്പോഴും വിഭവ സമൃദ്ധമായ ഭക്ഷണം കൺമുന്നിൽ വെച്ചുനീട്ടിയാലും ദൈവത്തിന് വേണ്ടി തനിക്കത് വേണ്ടെന്ന് പറയാനുള്ള മനഃശക്തിയാണ് ഒരാൾ നോമ്പിലൂടെ സ്വാന്തമാക്കുന്നത്.
ഇളവുള്ളവര്‍ ആരെക്കായാണ്: ഗര്‍ഭിണികള്‍ ആര്‍ത്തവമുള്ളവര്‍ മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ക്ക് റമദാനില്‍ നോമ്പെടുക്കേണ്ടതില്ല. എന്നാല്‍ ആര്‍ത്തവ സമയങ്ങളില്‍ നഷ്ട്ടപ്പെട്ട നോമ്പുകള്‍ പിന്നീട് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്.രോഗ ബാധിതര്‍ക്കും നോമ്പ് കാലത്ത് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും നോമ്പില്‍ ഇളവുകളുണ്ട്.
രോഗ ബാധിതരാണെങ്കില്‍ നോമ്പ് എടുക്കാനുള്ള ശാരീരക ക്ഷമത ഉണ്ടോ എന്നും ഡോക്ടര്‍മാരില്‍ നിന്ന് നിർദ്ദേശം തേടാം. പ്രമേഹ രോഗങ്ങളുള്ളവര്‍ മാനസികരോഗങ്ങളുള്ളവര്‍ക്കും നോമ്പ് ഉപവസിക്കേണ്ടതില്ല.സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ നോമ്പെടുക്കാത്തതിന് പകരമായി പാവങ്ങളെ സഹായിക്കണം. നിങ്ങള്‍ക്ക് ആരോഗ്യ കാരണങ്ങളാല്‍ കുത്തിവെയ്പ്പുകള്‍ ആവശ്യമാണെങ്കില്‍ അതെടുക്കാം. അതുകൊണ്ട് നോമ്പ് മുറിയുകയില്ല. റമദാൻ വേളയിൽ കോവിഡ് വാക്സിൻ എടുക്കുന്നതിലും തെറ്റില്ല. അബദ്ധവശാൽ ഭക്ഷണമോ ഉമിനീരോ മറ്റെന്തെങ്കിലുമോ വിഴുങ്ങുന്നതുകൊണ്ട് നോമ്പ് മുറിയില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ രുചി നോക്കുന്നതിലും തെറ്റില്ല. പക്ഷെ, ബോധപൂർവം ഭക്ഷണം കഴിക്കരുത്.
റമദാനില്‍ ചെയ്യേണ്ടവ: ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. അതുകൊണ്ട് തന്നെ ഖുര്‍ആന്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും റമദാനില്‍ ഏറെ പുണ്യം ലഭിക്കാനുള്ള മാര്‍ഗമാണ്. റമദാനില്‍ ഖുര്‍ആന്‍ ആദ്യം തൊട്ട് അവസാനം വരെ പാരായണം ചെയ്യുന്നതും വളരെ പുണ്യമേറിയതാണ്.
ഖുര്‍ആന്‍ അവതരിച്ച ദിനത്തെ ലൈലത്തുല്‍ ഖദ്ര്‍ എന്ന് അറിയപ്പെടുന്നു. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ഈ രാവിൽ നിർവഹിക്കുന്ന ആരാധനകൾക്കും സൽകർമങ്ങൾക്കും കണക്കില്ലാത്ത പ്രതിഫലം ലഭിക്കും എന്നാണ് വിശ്വാസം. ദൈവത്തിന്റെ മാലാഖമാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ രാവ് പക്ഷേ, റമദാനിലെ ഏത് ദിവസമാണെന്ന് കൃത്യമായി ഇസ്‌ലാം പറയുന്നില്ല.
എന്നാലും റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ഒന്നാകുമെന്ന് പ്രവാചക വചനങ്ങൾ പറയുന്നു. ജീവിതത്തിൽ സംഭവിച്ചുപോയ ദുഷ്കർമങ്ങളിൽ പശ്ചാത്തപിച്ച് ദൈവത്തിലേക്ക് മടങ്ങാനുള്ള ഉത്തമ അവസരമാണ് റമദാൻ. ചെയ്ത തെറ്റിൽ ഖേദിച്ച് മടങ്ങുന്നവരെ ദൈവത്തിന് ഏറെ ഇഷ്ടമാണ്.
കുറ്റങ്ങൾ മാപ്പാക്കപ്പെടാൻ ഏറെ സാധ്യതയുള്ള മാസമാണ് റമദാൻ. അതിനാൽ വിശ്വാസികൾ ഈ മാസത്തിൽ പാപമോചന പ്രാർഥനകൾ അധികരിപ്പിക്കുന്നു. റമദാനിലെ സവിശേഷ ആരാധന കർമമാണ് രാത്രി നമസ്കാരം. തറാവീഹ് എന്നോ ഖിയാമുല്ലൈൽ എന്നോ ഇതിനെ വിളിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ആണെങ്കിൽ തറാവീഹ് എന്നും അൽപ്പം ഉറങ്ങിയ ശേഷം എഴുന്നേറ്റ് നമസ്കരിക്കുകയാണെങ്കിൽ അതിനെ ഖിയാമുല്ലൈൽ എന്നും വിളിക്കുന്നു.
പെരുന്നാൾ സന്തോഷം: നോമ്പുക്കാരന് രണ്ട് സന്തോഷങ്ങളുണ്ടെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചിട്ടുള്ളത്. ഒന്ന് നോമ്പ് തുറക്കുമ്പോൾ, രണ്ട് പെരുന്നാൾ ആഘോഷിക്കുമ്പോൾ. നോമ്പിന്റെ പര്യവസാനമാണ് അഥവാ ഈദുൽ ഫിത്വർ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാൾ.
പെരുന്നാള്‍ ദിവസവും തുടങ്ങുന്നത് ദാനധർമത്തിലൂടെയാണ് അതിനെ സകാത്തുൽ ഫിത്വർ എന്ന് വിളിക്കുന്നു. പെരുന്നാൾ ദിവസം പാചകത്തിനുള്ളത് കഴിച്ച്, ധാന്യം മിച്ചമുള്ള ഒരോ വ്യക്തിയും ഈ നിർബന്ധ കർമ്മത്തിന്റെ ഭാഗമാകണം. ജനിച്ചുവീണ കുഞ്ഞിന് മുതൽ രോഗക്കിടക്കയിലുള്ള വയോധികർക്ക് വരെ ഇത് ബാധകമാണ്.
അവരുടെ ഉറ്റവരാണ് അവർക്ക് വേണ്ടി ഈ കർമ്മത്തിൽ പങ്കാളിയാകേണ്ടത്. ശരാശരി രണ്ടര കിലോ അരിയാണ് സകാത്തുൽ ഫിത്വർ. ഇത് വിതരണം ചെയ്ത ശേഷം പുതുവസ്ത്രങ്ങൾ അണിഞ്ഞ് എല്ലാവരും പള്ളിയിലേക്കോ ഈദ്ഗാഹുകളിലേക്കോ ചെല്ലുന്നു.
നമസ്കാരവും ഉദ്ബോധന പ്രഭാഷണവുമാണ് പള്ളിയിലുണ്ടാവുക. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമാക്കിയ ആത്മീയവും ശാരീരികവും സാമ്പത്തികവുമായ വിശുദ്ധിയുടെ ആഘോഷം കൂടിയാകുന്നു യഥാർഥത്തിൽ പെരുന്നാൾ ദിനം. വരുന്ന 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമായാണ് റമദാനിനെ വിശ്വാസി കണക്കാക്കുന്നത്.
also read: വാഴക്കാട്ടുകാര്‍ക്ക് നോമ്പുതുറക്കാന്‍ വലിയ ജുമാ അത്ത് പള്ളിയിലെ കതിനവെടി