വയനാട്: വയനാട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മന്ത് രോഗം സ്ഥിരീകരിച്ചു. ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലുള്ള അറുപതുകാരിയായ ആദിവാസി സ്‌ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ മിസ്‌റ്റ് (മൊബൈല്‍ ഇമിഗ്രന്‍റ്സ് സ്‌ക്രീനിങ് ടീം) അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ചതോടെ കോളനിയുടെ പരിസരത്ത് ആരോഗ്യ വകുപ്പ് കൊതുകു നശീകരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അടുത്തിടെ ജില്ലയിലെ ഇതര സംസ്ഥാനക്കാരില്‍ മന്ത് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിക്കുന്നത്.
മന്ത് രോഗത്തെ അറിയാം: വിര വര്‍ഗത്തിലുള്ള മൈക്രോ ഫൈലേറിയ രോഗാണുക്കള്‍ മൂലം ഉണ്ടാകുന്ന സാംക്രമിക രോഗമാണ് മന്ത്. കൈകാലുകളിലും സ്‌തനങ്ങളിലുണ്ടാകുന്ന നീരും വീക്കവും വൈരൂപ്യവുമാണ് ലക്ഷണങ്ങള്‍. പുരുഷന്മാരില്‍ കണ്ടുവരുന്ന ഹൈഡ്രോസില്‍ / മണി വീക്കവും മന്തുരോഗ ലക്ഷണം ആണ്. മന്ത് രോഗം മരണകാരണം ആകാറില്ലെങ്കിലും ഇതുമൂലമുണ്ടാകുന്ന യാതനകള്‍ ജീവിതകാലം മുഴുവന്‍ ഉള്ളതും മറ്റുള്ളവരില്‍ അറപ്പുളവാക്കുന്നതുമാണ്.