അസഹ്യമായ ചൂട് മാറ്റാന്‍ ഇത്തിരി തണുപ്പിച്ച വെള്ളം കുടിക്കാമെന്ന് കരുതുന്നവരാണ് നമ്മളിലേറേയും. ചൂട് കൂടുതലുള്ള സമയത്ത് വീടിനകത്തായാലും പുറത്തായാലും നമ്മള്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നത് തണുത്തവെള്ളമായിരിക്കും. കൊടും ചൂടത്ത് തണുത്തവെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ വൈദ്യശാസ്ത്രം പറയുന്നത് മറിച്ചാണ്. ഈ വിഷയത്തില്‍ ഇടിവി ഭാരത് അടുത്തിടെ വിദഗ്‌ധരുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്നുള്ള പ്രസക്ത വിവരങ്ങള്‍ ഇങ്ങനെ.
ആയുര്‍വേദം പറയുന്നത്
തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് മുംബൈ ആസ്ഥാനമായുള്ള ആയുർവേദ ഫിസിഷ്യൻ ഡോ മനീഷ കാലെ പറയുന്നത്. തണുത്തവെള്ളം കുടിക്കുമ്പോള്‍ ദഹന പ്രക്രിയ തടസപ്പെടും. ഇതോടെ നാം കഴിച്ച ആഹാരം ദഹിക്കാതെ കിടക്കും. ഇങ്ങനെ വന്നാല്‍ ഇതിനെ വീണ്ടും ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ പിന്നീടത് ദഹന സംബന്ധിയായ പ്രശ്നങ്ങളായി പുറത്തുവരും.
തണുത്ത വെള്ളത്തിന്റെ അധിക ഉപയോഗം രക്തചംക്രമണ പ്രക്രിയയെ മന്ദഗതിയിലാക്കും. തണുത്ത വെള്ളം കുടിക്കുമ്പോള്‍ രക്ത കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകും. ഇത് ശരീരത്തില്‍ വേണ്ട തരത്തിലുള്ള ഊര്‍ജ ഉത്പാദനം ഇല്ലാതാക്കും. അതിനാല്‍ തന്നെ ആയുര്‍വേദം തണുത്ത വെള്ളം കുടിക്കുന്നത് വിലക്കുന്നതിനോടൊപ്പം ചുടുവെള്ളം കുടിക്കുന്നത് പ്രേത്സാഹിപ്പിക്കുയും ചെയ്യുന്നു.
അലോപ്പതി പറയുന്നത്
അലോപ്പതിയും ശീതീകരിച്ച വെള്ളത്തിന്‍റെ ഉപയോഗം ഒഴിവാക്കാനാണ് ശുപാര്‍ശ ചെയ്യുന്നത്. വേനൽക്കാലത്ത് നമ്മുടെ ശരീര താപനില സാധാരണയായി 37 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാല്‍ അന്തരീക്ഷ ഉഷ്മാവിന് അനുസരിച്ച് ശരീരത്തിന്‍റെ ചൂടും മാറിക്കൊണ്ടിരിക്കുമെന്ന് ഡൽഹി ആസ്ഥാനമായുള്ള സീനിയർ ഫിസിഷ്യൻ ഡോ. രാജേഷ് ശർമ പറയുന്നു.
അത്തരമൊരു സാഹചര്യത്തിൽ, കഠിനമായ ചൂടിൽ നിന്ന് വന്ന് ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുമ്പോൾ ആ മാറ്റത്തെ പെട്ടന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ശരീരം ശ്രമിക്കും. അതിനാല്‍ തന്നെ ദഹനത്തെ ഇത് തടസപ്പെടുത്തും. ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്പാദനത്തെയും നാഡികൾ, രക്തക്കുഴലുകൾ അല്ലെങ്കിൽ ധമനികൾ, അനുബന്ധ അവയവങ്ങൾ, പ്രത്യേകിച്ച് ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും ഇത് ചിലപ്പോൾ ബാധിക്കും.
ഇതുകൂടാതെ തൊണ്ടവേദന, കഫം പെരുകൽ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങളും പലപ്പോഴായി ആളുകളിൽ അനുഭവപ്പെട്ടേക്കാം. ഇതുകൂടാതെ, ഇത് ചിലരിൽ തലവേദനയ്ക്കും കാരണമാകും.
സംഭവിക്കാനിടയുള്ള മറ്റ് ചില പ്രശ്നങ്ങൾ:
- കൂടുതൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ജലത്തിന്റെ താഴ്ന്ന ഊഷ്മാവ് വാഗസ് നാഡിയെ നേരിട്ട് ബാധിക്കുന്നതിനാൽ ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കും. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനും മറ്റ് അനുബന്ധ പ്രശ്നങ്ങൾക്കും കാരണമാകും.
- തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയിൽ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ശരീരത്തില്‍ വിവിധ അണുബാധകൾക്ക് ഇടയാക്കും.
- അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോൾ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെൻസിറ്റീവ് നാഡികളെയും സ്വാധീനിക്കും. ഇത് തലച്ചോറിനെയും ബാധിക്കുന്നു. തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, സൈനസൈറ്റിസ് ഉള്ള ആളുകളില്‍ പ്രശ്നങ്ങൾ കൂടുതൽ വഷളാകും.