ന്യൂഡല്‍ഹി: ഗര്‍ഭധാരണം 33 ആഴ്‌ച നീണ്ട യുവതിയുടെ ഗര്‍ഭഛിദ്രത്തിനുള്ള അപേക്ഷ ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു. ഗര്‍ഭസ്ഥ ശിശുവിന് മസ്‌തിഷ്‌ക വൈകല്യം (cerebral deformity) ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോഗ്യപരമായ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ള കുട്ടിയെ പ്രസവിക്കുമ്പോള്‍ അമ്മയ്‌ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം പരിഗണിച്ചാണ് അപേക്ഷ കോടതി അംഗീകരിച്ചത് എന്ന് ഹൈക്കോടതി വ്യക്തമാക്കി.
മെഡിക്കല്‍ ബോര്‍ഡിന്‍റെ അഭിപ്രായവും പരിഗണിച്ചാണ് കോടതി തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. അംഗീകൃത ആശുപത്രിയില്‍ വച്ചുള്ള ഗര്‍ഭഛിദ്രത്തിന് ജസ്റ്റിസ് പ്രതിഭ എം സിങ്ങാണ് യുവതിക്ക് അനുമതി നല്‍കിയത്. ഗര്‍ഭഛിദ്രം നടത്തുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ യുവതി കണക്കിലെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അവരുടെതാണ് അവസാനത്തെ തീരുമാനമെന്നും കോടതി പറഞ്ഞു.
ഒരു സ്ത്രീയുടെ അവകാശം സംരക്ഷിക്കുന്ന പുരോഗമനപരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ അന്‍വേഷ് മധുക്കര്‍ പറഞ്ഞു. കുട്ടി ജീവിച്ചിരിക്കാമെങ്കിലും ഗുരുതരമായുള്ള ആരോഗ്യ പ്രശ്‌നം കാരണം ആ കുട്ടിയുടെ ജീവിത നിലവാരം കണക്കിലേടുക്കേണ്ടതുണ്ട്. ഇത് കാണേണ്ടിവരുന്ന അമ്മയുടെ മാനസികാവസ്ഥ കണക്കിലേടുക്കേണ്ടതുണ്ട് എന്നാണ് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
26 വയസുള്ള വിവാഹിതയായ യുവതിയാണ് അപേക്ഷക. നവംബര്‍ 11നാണ് ഗര്‍ഭസ്ഥശിശുവിന്‍റെ തലച്ചോറില്‍ അസ്വഭാവികത കണ്ടെത്തിയത്. നവംബര്‍ 14ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയിലും ഇത് കണ്ടെത്തി. തുടര്‍ന്നാണ് ഗര്‍ഭഛിദ്രത്തിനായി യുവതി ഡല്‍ഹിയിലെ ജിടിബി ആശുപത്രിയെ സമീപിക്കുന്നത്. എന്നാല്‍ ഗര്‍ഭധാരണം 24 ആഴ്‌ചകള്‍ കടന്നതിനാല്‍ കോടതിയുടെ അനുമതി ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്.