ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. സജീവ കേസുകളുടെ എണ്ണം 7,026 ആയി ഉയര്‍ന്നു. ഛത്തീസ്‌ഗഡ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി ഉയർന്നു. പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,831 പേരെയാണ് കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 220.65 കോടി ഡോസാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. 4,41,60,279 പേര്‍ രോഗ മുക്തരായി.
കേരളത്തിലെ കൊവിഡ്; ആശങ്ക വേണ്ട: കേരളത്തില്‍ ഇന്നലെ 172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 4.1 ശതമാനമാണ്.
കേരളത്തിലെ നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണ അറിയിച്ചത്. എന്നാല്‍ രാജ്യത്ത് ഇന്‍ഫ്ലുവന്‍സ ബാധിതരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് ഇന്‍ഫ്ലുവന്‍സ കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും നിരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്.
നേരത്തെ 20 മുതല്‍ 30 വരെ പ്രതിദിന വര്‍ധനവുണ്ടായിരുന്ന കൊവിഡ് കേസുകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 50 മുതല്‍ 70 വരെ വര്‍ധനയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. കേരളത്തിലെ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.
also read: കേരളത്തിന് വീണ്ടും കൊവിഡ് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഇന്‍ഫ്ലുവന്‍സയില്‍ ജാഗ്രത വേണമെന്ന് ഗോവ മുഖ്യമന്ത്രി: രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ഇന്‍ഫ്ലുവന്‍സ അണുബാധ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശ മേഖലയില്‍ ഇന്‍ഫ്ലുവന്‍സ അണുബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ജാഗ്രത നിര്‍ദേശം. സംസ്ഥാനത്ത് ഇന്നലെ മാത്രം 17 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
സജീവ കേസുകളുടെ എണ്ണം 6,559 ആയി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,59,297 ആയി ഉയര്‍ന്നു. കൊവിഡിനൊപ്പം രാജ്യത്ത് ആശങ്കയുയര്‍ത്തുകയാണ് എച്ച്3എന്‍2. മഹാരാഷ്‌ട്ര, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. വയോധികരിലും കുട്ടികളിലുമാണ് എച്ച്3എന്‍2 കൂടുതലായും കാണുന്നത്. കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് എച്ച്3എന്‍2ന്‍റെതും.
കൊവിഡ് മഹാമാരിയെ ചെറുക്കാനായി സ്വീകരിച്ച നടപടികളെല്ലാം സ്വീകരിക്കുകയാണെങ്കില്‍ ഒരുപരിധി വരെ എച്ച്3എന്‍2യെ പ്രതിരോധിക്കാനാകും.