വാഷിങ്‌ടൺ: കൊവിഡ് 19, തലച്ചോറിലെ ഘടനാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ആസ്‌ട്രോസൈറ്റുകൾ എന്ന മസ്‌തിഷ്‌ക കോശങ്ങളെ ബാധിക്കുന്നുവെന്ന് പഠനം. കൊവിഡ് ബാധ, പ്രത്യേകിച്ച് ലോങ് കൊവിഡ്, തലച്ചോറിലെ മാറ്റങ്ങൾക്കും ന്യൂറോ കൊഗ്നിറ്റീവ് അപര്യാപ്‌തതയ്‌ക്കും കാരണമാകുമെന്ന് പഠനം പറയുന്നു. ഡാനിയൽ മാർട്ടിൻസ് ഡിസൂസയും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കൊവിഡിൽ നിന്നും മുക്തരാകുന്ന 81 പേരുടെയും ആരോഗ്യമുള്ള 81 പേരുടെയും തലച്ചോറിന്‍റെ എംആർഐ സ്‌കാൻ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കൊവിഡ് ബാധിതരിൽ വൈജ്ഞാനിക വൈകല്യം, ഉത്‌കണ്‌ഠ, വിഷാദം എന്നിവയ്‌ക്ക് കാരണമാകുന്ന തരത്തിൽ സെറിബ്രത്തിന്‍റെ പുറംപാളി നേർത്തതായി പരിശോധനയിൽ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരണപ്പെട്ട 26 പേരുടെയും മസ്‌തിഷ്‌ക സാമ്പിളുകളും ഗവേഷകർ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ അഞ്ച് വ്യക്തികളിൽ തലച്ചോറിലെ കലകൾ നശിച്ചതായി കണ്ടെത്തി.
ന്യൂറോണുകളുടെ ഉപാപചയ പ്രവർത്തനം നിലനിർത്തുന്ന ആസ്‌ട്രോസൈറ്റുകൾക്ക് കൊവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് കലകൾ നശിച്ച തലച്ചോറിന്‍റെ പരിശോധനയിൽ കണ്ടെത്തി. ഈ കോശങ്ങളിലേക്ക് എൻആർപി 1 റിസപ്‌റ്ററിലൂടെ കൊറോണ വൈറസ് പ്രവേശിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
കൊവിഡ് ബാധിച്ച ആളുകളുടെ തലച്ചോറിൽ കാണപ്പെടുന്ന ഘടനാപരമായ മാറ്റങ്ങളാണ് പഠനം പറയുന്നത്. ഒരിക്കൽ രോഗം ബാധിച്ചവരിൽ ആസ്‌ട്രോസൈറ്റുകൾ ന്യൂറോണുകൾക്കും ന്യൂറോ ട്രാൻസ്‌മിറ്റർ ഉത്‌പാദനത്തിനും സഹായിക്കുന്ന മെറ്റബൊളൈറ്റുകളുടെ അളവിൽ മാറ്റമുണ്ടാക്കുന്നതായി കണ്ടെത്തി. രോഗം ബാധിച്ച കോശങ്ങൾ ന്യൂറോണുകളെ ദോഷകരമായി ബാധിക്കുന്ന തന്മാത്രകളെ ശ്രവിക്കുന്നു.
30 ശതമാനത്തിലധികം രോഗികളെ ബാധിക്കുന്ന കൊവിഡിന്‍റെ എക്‌സ്‌ട്രാ പൾമണറി പ്രശ്‌നങ്ങളിൽ ഏറ്റവും വ്യാപകമായ ന്യൂറോളജിക്കൽ ലക്ഷണങ്ങളെ പഠനത്തിന്‍റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ആസ്‌ട്രോസൈറ്റുകളെയും ഒരു പരിധി വരെ ന്യൂറോണുകളെയും ബാധിക്കുന്ന മാരകമായ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 മനുഷ്യ മസ്‌തിഷ്‌കത്തിൽ കാണപ്പെടുന്നുവെന്നത് പഠനം തെളിയിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
നോൺ കനോനിക്കൽ സംവിധാനത്തിലൂടെ ആസ്‌ട്രോസൈറ്റുകൾ കൊവിഡ് അണുബാധയ്‌ക്ക് വിധേയമാകും. രോഗബാധിതമായ ആസ്‌ട്രോസൈറ്റുകൾ പിന്നീട് ന്യൂറോണുകളുടെ പ്രവർത്തന ക്ഷമതയെ തടസപ്പെടുത്തുന്നു. ഈ മാറ്റങ്ങൾ കൊവിഡ് രോഗികളുടെ തലച്ചോറിൽ കാണപ്പെടുന്ന ഘടനാപരമായ മാറ്റങ്ങൾ വിശദീകരിക്കാൻ കഴിയുമെന്നും പഠനം പറയുന്നു.
മാരകമായ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് നേരിയ തോതിൽ രോഗബാധിതരായ വ്യക്തികളിലെ ദീർഘകാല മാറ്റങ്ങൾ മുതൽ, കൊവിഡ് ബാധിച്ച് മരിച്ച വ്യക്തികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വരെ കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു.