ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കും ഉണ്ടാകുന്ന കൊറോണ വൈറസ് അണുബാധ മുതിർന്നവരെ അപേക്ഷിച്ച് തീവ്രമായ അസുഖങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയെ അറിയിച്ചു. 0-18 വയസ് വരെ പ്രായമായ കുട്ടികളിൽ 2022 ജനുവരി ഒന്ന് മുതൽ 2022 ജൂലൈ 25 വരെ ഐഎൻഎസ്‌എസിഒജി നടത്തിയ വിശകലനത്തിൽ 7,362 സാമ്പിളുകളിൽ നിന്ന് ഒമിക്രോണും അതിന്‍റെ ഉപവിഭാഗങ്ങളും, 118 സാമ്പിളുകളിൽ നിന്ന് ഡെൽറ്റയും അതിന്‍റെ ഉപവിഭാഗങ്ങളും കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രേഖാമൂലം മറുപടി നൽകി.
രാജ്യത്ത് കൊറോണ വൈറസ് അണുബാധ കുട്ടികളെ ബാധിക്കുന്നുണ്ടോ എന്നും 12-18 വയസ് വരെയും 5-12 വയസ് വരെയുമുള്ള കുട്ടികളുടെ നിലവിലെ വാക്‌സിനേഷനെ കുറിച്ചുമുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പവാർ.
ഈ വർഷം ജൂലൈ 26 വരെ 12-18 വയസിനിടയിലുള്ള കുട്ടികളിൽ 9.96 കോടി ആദ്യ ഡോസും, 7.79 സെക്കന്‍റ് ഡോസും നൽകി. രാജ്യത്ത് ദേശീയ കൊവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാമിൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും യോഗ്യതയുള്ള എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ നൽകുന്നതിനുള്ള വാക്‌സിൻ ഡോസുകൾ എല്ലാ പ്രദേശങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും പവാർ പറഞ്ഞു.