ന്യൂഡല്‍ഹി : 2030-ഓടെ ലോകത്ത് ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളുടെ എണ്ണം 1.2 ബില്യണിലെത്തുമെന്നാണ് കണക്ക്. ഒരോ വര്‍ഷവും 47 ദശലക്ഷം സ്ത്രീകള്‍ക്ക് ആര്‍ത്തവ വിരാമം സംഭവിക്കുന്നുണ്ട്. എന്നാൽ നാണക്കേടോ ഭയമോ കാരണം പല സ്ത്രീകളും ആര്‍ത്തവ വിരാമത്തെ കുറിച്ചോ അതിനാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചോ കുടുംബത്തെയോ സുഹൃത്തുക്കളേയോ അറിയിക്കാറില്ല. നാണക്കേടെന്ന് കരുതുന്നതും ഭയവുമൊക്കെയാണ് കാരണം.
ഇന്ത്യയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും 46.2 മുതല്‍ 51 വയസുവരെയാണ് ആര്‍ത്തവ വിരാമ കാലമായി കണക്കാക്കപ്പെടുന്നത്. സ്ത്രീയുടെ ആരോഗ്യം, പൊതുജീവിതം, അസുഖങ്ങള്‍, ജീവിത നിലവാരം തുടങ്ങിയ പലകാര്യങ്ങളാലും ഇവ വ്യത്യസ്‌തപ്പെട്ടിരിക്കും. ആര്‍ത്തവ വിരാമം 33 ശതമാനം സ്ത്രീകളുടേയും പൊതു ജീവിതത്തെ ബാധിക്കുന്നതായാണ് കണക്ക്.
സാധാരണ ശാരീരിക ലക്ഷണങ്ങൾക്ക് പുറമേ ചിലരില്‍ മാനസികമായ പ്രശ്നങ്ങള്‍, ദുഃഖം, ഉത്കണ്ഠ, ഉറക്കക്കുറവ്, ക്ഷീണം എന്നിവയും ഉണ്ടാകാറുണ്ട്. ചുരുക്കം ചിലര്‍ക്ക് രാത്രികളില്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗം ചൂടാകുന്നതായും ചിലര്‍ക്ക് വിയര്‍ക്കുന്നതായും തോന്നും. മനോനിലയിലെ ചാഞ്ചാട്ടം (മൂഡ് സ്വിംഗ്‌സ്) ആണ് ഇതില്‍ പ്രധാനം. ഇത് അകാരണമായ ദേഷ്യം, സങ്കടം, വിഷാദം തുടങ്ങിയ അവസ്ഥകളിലേക്ക് സ്ത്രീകളെ മാറ്റും. കാര്യങ്ങളില്‍ ശ്രദ്ധക്കുറവും ശ്രമിച്ചാലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരലും ഇതിന്‍റെ മറ്റ് ചില പ്രശ്നങ്ങളാണ്. ആത്മാഭിമാനം കുറയുന്നത് അടക്കമുള്ള പ്രശ്നങ്ങളും ഉണ്ടാകും.
ആര്‍ത്തവ വിരാമ കാലത്തെ എങ്ങനെ ഫലപ്രദമായി നേരിടാം: തുറന്നുപറയുക എന്നതാണ് ഇതില്‍ പ്രധാനമായും ചെയ്യേണ്ട കാര്യം. ഒറ്റയ്ക്ക് അല്ല എന്ന തോന്നല്‍ ഈ കാലത്ത് ഉണ്ടാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുടുംബത്തോടും സുഹൃത്തുക്കളോടും തന്‍റ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്ന് പറയണം. ഇത് അവരില്‍ നിന്നും മാനസിക പിന്തുണ ലഭിക്കാന്‍ ഏറെ പ്രയോജനകരമായിരിക്കും. ഇതില്‍ ഏറ്റവും പ്രധാനം ജീവിത പങ്കാളിയെ ഇക്കാര്യം അറിയിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ പങ്കാളിയില്‍ നിന്നും മികച്ച പിന്തുണ നേടിയെടുക്കാനും ആര്‍ത്തവ വിരാമ കാലത്തെ ഏളുപ്പത്തില്‍ നേരിടാനും കഴിയും.
നിങ്ങളിലുണ്ടാകുന്ന ആശയവിനിമയ വിടവ് (കമ്യൂണിക്കേഷന്‍ ഗ്യാപ്പ്) കുറയ്ക്കുന്നതിനും അവര്‍ക്ക് സഹായിക്കാന്‍ കഴിയും. വീട്ടിലും ദൈനംദിന ജീവിത്തിലും ഇത് ഏറെ ഗുണം ചെയ്യും. മാത്രമല്ല ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്ക് ആര്‍ത്തവ വിരാമ കാലത്തെ കുറിച്ച് അറിയാം എന്നത് നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കണമെന്നും ചികിത്സ തേടുന്നതും നല്ലതായിരിക്കും.
മാനസികാരോഗ്യം സംരക്ഷിക്കുക : മാനസികാവസ്ഥയിലെ മാറ്റങ്ങൾ, പിന്തുണയുടെ അഭാവം, സമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ആർത്തവവിരാമ കാലത്ത് നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തും. ആർത്തവ വിരാമത്തിന് മുമ്പുതന്നെ സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ആരംഭിക്കും. ഇത് സാധാരണയായി അവരുടെ 40-ാം വയസില്‍ ആരംഭിച്ച് ഏകദേശം നാല് വർഷം മുതല്‍ പത്ത് വര്‍ഷം വരെ നീണ്ടുനിൽക്കും.
ഈ കാലയളവില്‍ കാര്യമായ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഈ സമയത്ത് വിഷാദരോഗം ഇരട്ടിയാകും. ഒരാളുടെ ദൈനംദിന ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാകാനും ഇതിന് കഴിയും. ഇത്തരം അവസ്ഥകളില്‍ വിദഗ്‌ധ സഹായം തേടുന്നത് നല്ലതാണ്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പൊതുവായ ചികിത്സാ സമീപനങ്ങളിൽ കൗൺസിലിംഗും കൊഗ്നിറ്റീവ് ബിഹേവ്യറല്‍ തെറാപ്പിയും ഉൾപ്പെടുന്നു എന്നത് ഏറെ ഗുണകരമാണ്.
ഇത് ആർത്തവവിരാമവുമായി ബന്ധപ്പെട്ട ഉത്കണ്ഠ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയിലും ഇവ മാറ്റങ്ങള്‍ ഉണ്ടാക്കും. സമ്മര്‍ദ്ദം ചെറുക്കാന്‍ മെഡിറ്റേഷന്‍ ഉള്‍പ്പടെയുള്ള ചികിത്സാരീതികളും ഉപയോഗിക്കാം.
തൊഴിലിടത്തിലെ പൊരുത്തക്കേടുകള്‍ നേരിടാം : തൊഴിലില്‍ ഏര്‍പ്പെടുന്ന, ആര്‍ത്തവ വിരാമ കാലത്തുള്ള ഏകദേശം സ്ത്രീകള്‍ക്കും ഇക്കാലത്ത് ഉത്പാദന ക്ഷമത കുറയുന്നതായി കാണാം. തൊഴില്‍ ഇടത്തില്‍ ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ നല്ലവഴി സഹപ്രവര്‍ത്തകരോട് ഇക്കാര്യം പറയുക എന്നതാണ്. സമപ്രായക്കാരോടോ ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ കാര്യങ്ങള്‍ പറയുന്നത് നിങ്ങളുടെ ഉത്പാദന ക്ഷമതയും തൊഴിലിടത്തിലെ മാനസിക പ്രശ്നങ്ങളും കുറയ്ക്കാന്‍ ഏറെ പ്രയോജനകരമാണ്.
മുതിര്‍ന്നവരോടും അനുഭവം കൂടുതല്‍ ഉള്ളവരോടും സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് നീങ്ങുന്നതും ഏറെ ഗുണകരമായിരിക്കും. ഇത് കൂടാതെ കൃത്യമായി ഇടവേളകള്‍ എടുക്കുക, ചൂട് കുറയ്ക്കുന്നതിനായി ഫാന്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങളും ഏറെ ഫലപ്രദമാണ്.
സമാന അനുഭവക്കാരുമായി കൂട്ടുചേരുക : ഏത് സാഹചര്യത്തേയും നേരിടാന്‍ സഹായിക്കുന്ന മാര്‍ഗമാണ് സമാന ചിന്താഗിതിക്കാരുമായി കൂട്ടുചേരുക എന്നത്. കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ കണ്ടെത്തി ഇവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ഫലപ്രദമായ ഒരു മാര്‍ഗം. ആര്‍ത്തവ വിരാമകാലത്ത സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതായി അബോട്ടിലെ മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ. ജെജോ കരൺ കുമാർ പറയുന്നു.
Also Read: നവദമ്പതികള്‍ക്ക് വെഡ്ഡിങ് കിറ്റുമായി ഒഡിഷ സർക്കാർ, ലക്ഷ്യം കുടുംബാസൂത്രണം പഠിപ്പിക്കല്‍
ഇത്തരം പഠനങ്ങളിലൂടെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ സുന്ദരമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ കുടുംബാംഗങ്ങളോടും ഡോക്ടറോടും തുറന്ന് സംസാരിക്കുക. നിങ്ങളുടെ അയൽപക്കത്തും ജോലിസ്ഥലത്തും പിന്തുണ ലഭിക്കുന്ന ശൃംഖലകൾ വികസിപ്പിക്കുക, സമ്മർദ്ദം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നിങ്ങനെയുള്ള നടപടികളിലൂടെ നിങ്ങൾക്ക് ആർത്തവവിരാമത്തിന്റെ പ്രശ്നങ്ങളില്‍ നിന്നും പുറത്ത് കടക്കാനാകും.