“എന്‍റെ കുട്ടി ആദ്യമേ എഴുന്നേറ്റ് നില്‍ക്കണം'' എന്നു പറഞ്ഞു കൊണ്ട് ശിശുരോഗ വിദഗ്ധരെ സമീപിക്കുന്ന മാതാപിതാക്കള്‍ വിലകൂടിയ ടോണിക്കുകള്‍ എഴുതി തരാന്‍ അവരോട് ആവശ്യപ്പെടുന്ന കാലമാണിത്. ജില്ലാ തലത്തിലോ, ദേശീയ തലത്തിലോ ഒരു സാധാരണ പരീക്ഷ വരുമ്പോള്‍ അല്ലെങ്കില്‍ നീന്തല്‍, പ്രഛന്നവേഷം, പ്രസംഗം, കായിക മത്സരങ്ങള്‍ എന്നിങ്ങനെയുള്ള എന്തെങ്കിലും മത്സര പരിപാടികളോ വരുമ്പോള്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി തലച്ചോറിനു വേണ്ട ടോണിക്കുകള്‍ തേടാന്‍ തുടങ്ങും.
എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനു വേണ്ടി ഇ ടി വി ഭാരത് സുഖീഭവ സംഘം മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ജഗദീഷാ ചൈല്‍ഡ് ഗൈഡന്‍സ് ആന്‍റ് ലാക്‌ടേഷന്‍ മാനേജ്‌മെന്‍റ് ക്ലിനിക്കിലെ ശൈശവ, മുലയൂട്ടല്‍, ശിശു വികസന വിഷയ വിദഗ്ധ ഡോക്ടര്‍ ഷമാ ജഗദീഷ് കുല്‍ക്കര്‍ണിയുമായി സംസാരിച്ചു.
ഓര്‍മ്മ നിലനിര്‍ത്തുന്ന ടോണിക്കുകള്‍ക്കും മള്‍ട്ടി വിറ്റാമിനുകള്‍ക്കും വേണ്ടി എത്ര വേണമെങ്കിലും പണം മുടക്കാന്‍ മാതാപിതാക്കള്‍ തയ്യാറാണെങ്കിലും ഏത് ടോണിക്കിനേക്കാളും ഏറ്റവും പ്രധാനമായിട്ടുള്ളത് പോഷകാഹാരങ്ങള്‍ തന്നെയാണ് എന്ന് ഡോക്ടര്‍ ഷമ പറയുന്നു. ഈ കാലയളവിലാണ് തലച്ചോര്‍ കൃത്യമായി വികാസം പ്രാപിക്കുന്നത്. ഗര്‍ഭകാലത്ത്, അതായത് 280 ദിവസങ്ങളില്‍, അമ്മയുടെ പോഷകാഹാരമാണ് വളരെ പ്രധാനം. കുഞ്ഞ് ജനിച്ച് ആദ്യ ആറ് മാസങ്ങളില്‍ മുലയൂട്ടലിന് മാത്രം പരിഗണന നല്‍കിയേ തീരൂ. ഇക്കാലയളവില്‍ മുലപ്പാലല്ലാതെ മറ്റൊന്നും ഒരു തുള്ളി പോലും കുഞ്ഞിന് നല്‍കരുത്. ആറ് മാസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തന്നെ തയ്യാറാക്കിയ മൃദുവായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കി അപ്പപ്പോള്‍ തന്നെ കുഞ്ഞിന് കൊടുക്കാന്‍ ആരംഭിക്കാം. മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന ഐക്യൂ നിലവാരമാണ് ഉണ്ടാവുക.
അതിനാല്‍ ഈ 1000 ദിവസങ്ങളില്‍ നിങ്ങള്‍ കുഞ്ഞിന് എത്രത്തോളം ശ്രദ്ധ നല്‍കുന്നുവോ അത്രത്തോളം ആ കുഞ്ഞിന്‍റെ ബുദ്ധിയും വികസിക്കും. ഈ കാലയളവില്‍ നിങ്ങള്‍ കുഞ്ഞിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചാല്‍ കുഞ്ഞ് സ്‌നേഹമുള്ള ഒരാളായി വളരും. അതല്ല, വെറുപ്പാണ് നിങ്ങള്‍ കുഞ്ഞിനെ പഠിപ്പിക്കുന്നതെങ്കില്‍ അതായിരിക്കും കുഞ്ഞ് പഠിച്ച് വളരുക. ഇനി നിങ്ങള്‍ കുഞ്ഞിനെ ഒന്നും പഠിപ്പിക്കുന്നില്ലായെങ്കില്‍ പ്രായം കൊണ്ട് മാത്രം വളരുന്ന ഒരു മാംസ പിണ്ഡമായി കുഞ്ഞ് മാറും. അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ എന്തു പഠിപ്പിക്കുന്നുവോ, എന്ത് കഴിക്കാന്‍ നല്‍കുന്നുവോ എന്നുള്ളതാണ് പ്രധാനം. നിങ്ങള്‍ കുഞ്ഞിനോട് എങ്ങനെ പെരുമാറുന്നു, എന്തൊക്കെ വിവരങ്ങളാണ് കുഞ്ഞിന് പകര്‍ന്നു നല്‍കുന്നത്, കുഞ്ഞില്‍ എന്തൊക്കെ പെരുമാറ്റ രീതികളാണ് നിങ്ങള്‍ വളര്‍ത്തി എടുക്കുന്നത് എന്നുള്ളതൊക്കെയും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.
ജീവിക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ ജീവിതം ഉണ്ടാകുന്നതിനും ഭക്ഷണം പ്രധാനമാണ്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ പോഷകാഹാര സ്രോതസ്സുകളായി ഭക്ഷണത്തില്‍ അടങ്ങിയിരിക്കണം. പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങളും അല്ലാത്ത ധാന്യങ്ങളും, പയറു വര്‍ഗവുമെല്ലാം ഒരു കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വികാസത്തെ സഹായിക്കും. രുചിയുള്ളതും നിറമുള്ളതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു ചെറിയ കുട്ടിക്ക് വളരെ പ്രിയങ്കരമായിരിക്കും.
പോഷകാഹാര മൂല്യത്തിന് വളരെ അധികം ഊന്നല്‍ നല്‍കേണ്ടതുണ്ട് അമ്മമാര്‍. വീട്ടില്‍ തന്നെ പാചകം ചെയ്ത ഭക്ഷണം ഖര രൂപത്തില്‍ നല്‍കണം. മഞ്ഞള്‍ പോലുള്ള ഇന്ത്യന്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ മുറിവുകള്‍ ഉണക്കുന്നു എന്നു മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമാണ്. റാഗി അല്ലെങ്കില്‍ ചോളം കാത്സ്യം നല്‍കുന്നുവെങ്കില്‍, മുളപ്പിച്ച ധാന്യങ്ങളും മറ്റ് പയര്‍ വര്‍ഗങ്ങളും പ്രോട്ടീനുകള്‍ ലഭ്യമാക്കുന്നു. വൈറ്റമിന്‍ സി പോലുള്ള വ്യത്യസ്തമായ വൈറ്റമിനുകള്‍ നല്‍കുന്നതാണ് പഴവര്‍ഗങ്ങള്‍. പായ്ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ സ്വാഭാവിക ഭക്ഷണങ്ങളേക്കാള്‍ കൂടുതല്‍ പ്രോട്ടീനുകള്‍ കുട്ടികള്‍ക്ക് നല്‍കുമെന്നുള്ള ഒരു തെറ്റിദ്ധാരണ ജനങ്ങളുടെ മനസിലുണ്ട്. ചിപ്‌സുകളും ബിസ്‌കറ്റുകളും ടിന്നിലടച്ച ഭക്ഷണ പദാര്‍ഥങ്ങളും നല്‍കുന്നതിനു പകരം ഇഡലിയും ഉപ്പുമാവും പാലില്‍ കുതിര്‍ത്ത അവിലും മുളപ്പിച്ച ധാന്യങ്ങള്‍ ചേര്‍ത്ത ദോശയും പച്ചക്കറികള്‍ കൊണ്ടുണ്ടാക്കുന്ന സ്റ്റൂവുമാണ് നല്‍കേണ്ടത്.