ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഡല്‍ഹി എയിംസ്. ഐസിഎംആര്‍ (Indian Council of Medical Research) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ഡല്‍ഹി എയിംസിലെ ഓങ്കോളജി പ്രൊഫസര്‍ ഡോ എസ്‌വിഎസ് ദിയോ പറഞ്ഞു.
13-14 ലക്ഷം കാന്‍സര്‍ രോഗികളാണ് നിലവില്‍ ഒരോ വര്‍ഷവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2026 ഓടുകൂടി ഇത് 20 ലക്ഷം കവിയാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന്(04.02.2023) ലോക കാന്‍സര്‍ ദിനമാണ്. ഈ വര്‍ഷത്തെ കാന്‍സര്‍ ദിനത്തിലെ തീം 'വിടവ് നികത്തുക'(closing the gap) എന്നതാണ്. കാന്‍സറിനെ കുറിച്ച് ഇപ്പോഴുമുള്ള ആളുകള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീം തെരഞ്ഞെടുത്തതെന്ന് ഡോ. എസ്‌വിഎസ് ദിയോ പറഞ്ഞു.
കാന്‍സര്‍ ഭേദമാക്കാന്‍ പറ്റാത്ത രോഗമാണെന്ന ആളുകളുടെ ധാരണ തെറ്റാണ്. കാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ രോഗം ഭേദമാക്കാന്‍ പറ്റും. അതുകൊണ്ട് തന്നെയാണ് കാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടക്കുന്നത്. കാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി നിരവധി പദ്ധതികള്‍ എയിംസ് ആസൂത്രണം ചെയ്‌തിട്ടുണ്ട്.
ഡോക്‌ടര്‍മാര്‍ ആളുകളുമായി ആശയവിനിമയം നടത്തുകയും രോഗത്തെകുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി റാലികള്‍ നടത്തുകയും ചെയ്യും. ആരോഗ്യകരമായ ജീവിത രീതി നയിക്കുന്നതിന്‍റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങള്‍ മനസിലാക്കണം. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരണം. സംസ്‌കരിച്ചതും പാക്കറ്റുകളില്‍ കിട്ടുന്നതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം.
വടക്ക്‌കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത വേണം: കാന്‍സര്‍ കേസുകളില്‍ 30 ശതമാനത്തിനും കാരണം പുകവലിയും മദ്യപാനവുമാണ്. സ്‌ത്രീകളില്‍ പിത്താശയ കാന്‍സര്‍ വര്‍ധിച്ച് വരികയാണ്. പ്രത്യേകിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നദിയോട് ചേര്‍ന്ന് താമസിക്കുന്നവരിലും.
വയര്‍, പിത്താശയം, കഴുത്ത്, അന്നനാളം, തല എന്നിവയുമായി ബന്ധപ്പെട്ട കാന്‍സറുകളില്‍ ഭൂരിഭാഗവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അനാരോഗ്യകരമായ ജീവിത രീതിയും, മലിനമായ ജലവും, വൃത്തിഹീനമായ ഭക്ഷണവും ഈ കാന്‍സറുകള്‍ വരുത്താന്‍ കാരണമാകുന്നു എന്നും ഡോ എസ്‌വിഎസ് ദിയോ പറഞ്ഞു
കുട്ടികളിലും കാന്‍സര്‍: പതിനാറ് വയസില്‍ താഴെയുള്ളവരിലെ ജനിതകപരമായി ഉണ്ടാകുന്ന കാന്‍സര്‍ രാജ്യത്ത് വര്‍ധിച്ച് വരികയാണെന്ന് ദേശീയ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് അധ്യക്ഷ സുഷമ ഭട്‌നാഗര്‍ പറഞ്ഞു. നല്ലൊരു പങ്ക് കാന്‍സര്‍ കേസുകള്‍ക്ക് കാരണം വായു മലിനീകരണവും ജല മലിനീകരണവും അനാരോഗ്യ ജീവിതശൈലിയുമാണ്. വായുമലിനീകരണവും , ജലമലിനീകരണവും ഗര്‍ഭാശയ കാന്‍സറിന്‍റെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം 22,000 കാന്‍സര്‍ കേസുകളാണ് ഡല്‍ഹിയില്‍ ഉണ്ടായത്. ഇതില്‍ അമ്പത് ശതമാനവും എയിംസിലെ ദേശീയ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലാണ് ചികിത്സിച്ചത്. മുമ്പ് അമ്പത് വയസില്‍ കൂടുതലുള്ളവരില്‍ ആയിരുന്നു ഭൂരിഭാഗം കാന്‍സര്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായം കുറഞ്ഞവരിലും കാന്‍സര്‍ രോഗങ്ങള്‍ കൂടിവരികയാണ്.
കാന്‍സര്‍ ചികിത്സയ്‌ക്ക് സഹായകരമായ സാങ്കേതിക വിദ്യ വികസിപ്പിക്കാനായി ഐഐടികളുമായി ചേര്‍ന്ന് ദേശീയ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് സംയുക്ത ഗവേഷണം നടത്തിവരികയാണെന്നും സുഷമ ഭട്‌നാഗര്‍ പറഞ്ഞു.