വാഷിങ്‌ടൺ: ജീവന്‍റെ അടയാളമാണ് ശ്വാസോച്‌ഛ്വാസം. ഭക്ഷണമില്ലെങ്കിലും ജീവൻ നിലനിർത്താം. എന്നാൽ ശ്വസിക്കാനാവാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല.
ആവശ്യമായ അളവിൽ ഓക്‌സിജൻ അകത്തേക്ക് വലിച്ചെടുത്താണ് നാം ശ്വസിക്കുന്നത്. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും നാം അറിയാതെ ഇത് സംഭവിച്ച് കൊണ്ടേയിരിക്കുന്നു. ആരോഗ്യമുള്ളയാൾ ഒരു മിനിറ്റിൽ ശരാശരി 16 തവണയാണ് ശ്വാസോച്‌ഛ്വാസം നടത്തുന്നത്.
ഒരു ദിവസം ഏകദേശം 23,000 തവണ നാം ശ്വാസോച്‌ഛ്വാസം നടത്തുന്നുണ്ട്. ഒരു അനൈച്ഛിക പ്രവർത്തനമായത് കൊണ്ട് നാം ഇത് ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.
അമേരിക്കൻ ലംഗ്‌സ് അസോസിയേഷന്‍റെ പഠനമനുസരിച്ച് പ്രായപൂർത്തിയായ ഒരു പുരുഷന്‍റെ ശ്വാസകോശത്തിന് പരമാവധി ആറ് ലിറ്റർ വായു പുറന്തള്ളാൻ കഴിയുമെന്നാണ്. ഒരു വ്യക്തി പ്രതിദിനം 7,570 ലിറ്റർ വായു ശ്വസിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കുന്നത്.
നാം ശ്വസിക്കുന്ന വായുവിൽ 20 ശതമാനം ഓക്‌സിജനും പുറംതള്ളുന്ന വായുവിൽ 15 ശതമാനം ഓക്‌സിജനുമാണ് അടങ്ങിയിരിക്കുന്നത്. അതായത് ഓരോ ശ്വസനപ്രക്രിയയിലും അഞ്ച് ശതമാനം വായു കാർബൺ ഡൈ ഓക്‌സൈഡായി മാറുന്നു. ഇതനുസരിച്ച്, ഒരു മനുഷ്യൻ പ്രതിദിനം 378 ലിറ്റർ ശുദ്ധമായ ഓക്‌സിജനാണ് ശ്വസിക്കുന്നത്.