അല്‍ഷിമേഴ്‌സ് രോഗം രക്തപരിശോധനയിലൂടെ മുന്‍കൂട്ടി പ്രവചിക്കാനുള്ള രീതി കണ്ടെത്തി ഗവേഷകര്‍. ക്ലിനിക്കല്‍ പരിശോധനയില്‍ രോഗം കണ്ടെത്തുന്നതിന് മുന്നരവര്‍ഷം വരെ മുമ്പ് രക്തപരിശോധനയില്‍ അല്‍ഷിമേഴ്‌സിനെ പ്രവചിക്കാന്‍ സാധിക്കും. ബ്രെയിന്‍ എന്ന ശാസ്‌ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച, ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഇത്തരമൊരു വഴിത്തിരിവിലേക്ക് നയിച്ചത്.
പുതിയ മസ്‌തിഷ്‌ക കോശങ്ങള്‍ ഉടലെടുക്കുന്ന പ്രക്രിയയായ ന്യൂറോജെനിസിസില്‍ സ്വാധീനം ചെലുത്താന്‍ രക്തത്തിലെ ഘടകങ്ങള്‍ക്ക് കഴിയുമെന്ന ആശയത്തെ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സാധൂകരിക്കുന്നു. തലച്ചോറിന്‍റെ ഹിപ്പോകാമ്പസ് എന്ന പ്രധാന ഭാഗത്താണ് ന്യൂറോജെനിസിസ് എന്ന പ്രക്രിയ നടക്കുന്നത്. നമ്മുടെ ഓര്‍മ, ഒരു കാര്യം നമ്മള്‍ മനസിലാക്കുന്നത് എന്നിവ ഹിപ്പോകാമ്പസാണ് നിയന്ത്രിക്കുന്നത്.
അല്‍ഷിമേഴ്‌സ് ഹിപ്പോകാമ്പസില്‍ പുതിയ മസ്‌തിഷ്‌ക കോശങ്ങള്‍ ഉണ്ടാകുന്നത് ഇല്ലാതാക്കുന്നു. ന്യൂറോജെനിസിസിന്‍റെ അവസാനഘട്ടങ്ങളെ കുറിച്ച് പഠിക്കാനെ ഇതിന് മുമ്പ് സാധിച്ചിരുന്നുള്ളൂ.
പഠനം നടത്തിയ രീതി: ന്യൂറോജെനിസിസിലെ ആദ്യഘട്ടങ്ങളിലെ മാറ്റങ്ങള്‍ മനസിലാക്കാനായി ഗവേഷകര്‍ എംസിഐയുള്ള (Mild Cognitive Impairment) 56 ആളുകളില്‍ നിന്ന് വര്‍ഷങ്ങളോളം രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചു. ഒരു വ്യക്തിയുടെ ഓര്‍മശക്തിയും കാര്യങ്ങള്‍ മനസിലാക്കാനുള്ള ശേഷിയും കുറഞ്ഞ് വരുന്ന ഘട്ടമാണ് എംസിഐ. എംസിഐയുള്ള എല്ലാവര്‍ക്കും അല്‍ഷിമേഴ്‌സ് വരണമെന്നില്ല. പക്ഷെ ഇവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്.
പഠനത്തില്‍ പങ്കെടുത്ത 56 പേരില്‍ 36 പേര്‍ക്ക് പിന്നീട് അല്‍ഷിമേഴ്‌സ് രോഗം വന്നു. എംസിഐ രോഗം പിടിപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച രക്ത സാമ്പിളുകള്‍ മസ്‌തിഷ്‌ക കോശങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് തങ്ങള്‍ പരിശോധിച്ചതെന്ന് ഗവേഷകരില്‍ ഒരാളായ ലണ്ടനിലെ കിങ്സ് കോളജിലെ പ്രൊഫസര്‍ അലക്‌സാന്ദ്ര മരുസാക്ക് പറഞ്ഞു.
രക്തം മസ്‌തിഷ്‌ക കോശങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതില്‍ പല നിര്‍ണായക കണ്ടെത്തലുകളും ഗവേഷകര്‍ നടത്തി. പിന്നീട് അല്‍ഷിമേഴ്‌സ് ബാധിക്കപ്പെട്ടവരുടെ രക്തസാമ്പിളുകള്‍ കോശവളര്‍ച്ചയും, കോശവിഭജനവും കുറയ്‌ക്കുകയും അപ്പോപ്‌ടോട്ടിക് സെല്‍ ഡെത്ത് എന്ന പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി. സ്വയം ഇല്ലാതാകുന്ന രീതിയില്‍ കോശങ്ങള്‍ പ്രോഗ്രാം ചെയ്യപ്പെടുന്നതിനെയാണ് അപ്പോപ്‌ടോട്ടിക് സെല്‍ ഡെത്ത് എന്ന് പറയുന്നത്.
അതേസമയം ഈ രക്ത സാമ്പിളുകള്‍ പാകമാകാത്ത മസ്‌തിഷ്‌ക കോശങ്ങളെ ഹിപ്പോകാമ്പൽ ന്യൂറോണുകളാക്കി മാറ്റുന്ന പ്രക്രിയ വര്‍ധിപ്പിച്ചതായും കണ്ടെത്തി. വര്‍ധിച്ച ഈ ന്യൂറോജെനിസിസിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. അല്‍ഷിമേഴ്‌സ് രോഗം ഉടലെടുക്കുന്ന വ്യക്തികളിലെ ഒരു കോപന്‍സേഷന്‍ മെക്കാനിസാമാകാം ഇത് എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
ഇതിന് മുമ്പ് നടന്ന പഠനത്തില്‍ കണ്ടെത്തിയത് പ്രായം കുറഞ്ഞ എലിയില്‍ നിന്നുള്ള രക്തം പ്രായം കൂടിയ എലികളില്‍ കുത്തിവയ്‌ക്കുന്നതിലൂടെ ഹിപ്പോകാമ്പൽ ന്യൂറോജനിസിസ് പ്രായമായവയില്‍ വര്‍ധിക്കുകയും തല്‍ഫലമായി അവയുടെ ഓര്‍മശക്തിയും ഗ്രഹിക്കാനുള്ള ശേഷിയും പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്നുമാണ്. ഇതാണ് തങ്ങള്‍ക്ക് മനുഷ്യന്‍റെ തലച്ചോറും രക്തവും ഉപയോഗിച്ചുള്ള പഠനം നടത്താനുള്ള പ്രചോദനം ആയതെന്ന് ഗവേഷകരില്‍ ഒരാളായ ലണ്ടനിലെ കിങ്സ് കോളജിലെ പ്രൊഫസര്‍ സാന്‍ഡ്രിന്‍ തുറെറ്റ് പറഞ്ഞു.
രക്തം ന്യൂറോജെനിസിസിനെ സ്വാധീനിക്കുന്നു: ന്യൂറോജെനിസിസ് പ്രക്രിയ മനസിലാക്കാനും അൽഷിമേഴ്‌സ് രോഗം പ്രവചിക്കാൻ ഈ പ്രക്രിയയിലെ മാറ്റങ്ങൾ ഉപയോഗിക്കാനുമാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ ലക്ഷ്യമിട്ടത്. തലച്ചോറില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുന്നതില്‍ ശരീരത്തിന്‍റെ രക്തചംക്രമണ വ്യവസ്ഥയ്‌ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
അല്‍ഷിമേഴ്‌സിന്‍റെ ക്ലിനിക്കലായി സ്ഥിരീകരിക്കുന്നതിന് 3.5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂറോജെനിസിസില്‍ മാറ്റങ്ങള്‍ കണ്ടെത്തി. അമിലോയിഡ്, ടൗ എന്നീ പ്രോട്ടീനുകളുടെ രക്തത്തിലെ സാന്നിധ്യം മനസിലാക്കി അല്‍ഷിമേഴ്‌സിന്‍റെ സാധ്യത വിലയിരുത്താന്‍ സാധിക്കും. ഈ പരിശോധനയോടൊപ്പം തങ്ങള്‍ കണ്ടെത്തിയ പരിശോധന കൂടി നടത്തുന്നതിലൂടെ അല്‍ഷിമേഴ്‌സിന്‍റെ പ്രവചനം കൂടുതല്‍ കൃത്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു. അല്‍ഷിമേഴ്‌സ് വരുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കൂടുതല്‍ എളുപ്പമാകുമെന്ന് ഗവേഷകര്‍ പറയുന്നു.