കൊവിഡ് ബാധ പുരുഷന്മാരിലെ ബീജോത്‌പാദനത്തെയും ബീജത്തിന്‍റെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഗവേഷകർ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. വൃഷണ കോശങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം-2 റിസപ്റ്റർ (എസിഇ2) വഴി കൊവിഡ് 19 ഒന്നില്‍ കൂടുതല്‍ അവയവങ്ങളുടെ നാശത്തിന് കാരണമാകുമെന്ന് പട്‌ന എയിംസില്‍ നിന്നുള്ള സംഘം അഭിപ്രായപ്പെട്ടു.
എസിഇ2കള്‍ സാര്‍സ് കോവ്-2 വൈറസിന്‍റെ റസിപ്‌റ്ററുകളായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഹോസ്റ്റ് കോശങ്ങളിലേക്ക് വൈറസിന്‍റെ പ്രവേശനം സുഗമമാക്കുന്നു. 19-45 പ്രായത്തിലുള്ള പുരുഷന്മാരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. 2020 ഒക്‌ടോബര്‍ മുതല്‍ 2021 വരെ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ക്യൂറസ് ജേണൽ ഓഫ് മെഡിക്കൽ സയൻസിലാണ് പ്രസിദ്ധീകരിച്ചത്.
ഗവേഷകരുടെ കണ്ടെത്തലുകള്‍: എല്ലാ ബീജ സാമ്പിളുകളിലും തത്സമയ റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് പരിശോധന നടത്തി. ഇതില്‍ നിന്നും കൊവിഡ് അണുബാധ ബീജത്തിന്‍റെ ഗുണനിലവാരത്തിനൊപ്പം ഡിഎന്‍എ വിഘടന സൂചികയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടെത്തലാണ് അണുബാധ ബീജത്തിന് കേടുപാടുകള്‍ വരുത്തുമെന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ സഹായിച്ചത്.
ആദ്യത്തെ സാമ്പിളിങ്ങില്‍ ബീജത്തിന്‍റെ അളവ്, മൊത്തം ചലനശേഷി, സാന്ദ്രത, മൊത്തം ബീജങ്ങളുടെ എണ്ണം എന്നിവ ഗണ്യമായി കുറഞ്ഞതായി ഗവേഷകർ പറഞ്ഞു.
ബീജത്തില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം: കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസുകളുടെ സാന്നിധ്യം ബീജത്തില്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. എന്നിരുന്നാലും കൊവിഡ് ബാധ ബീജത്തിന്‍റെ ഗുണനിലവാരത്തെ മോശമായി തന്നെ ബാധിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) ക്ലിനിക്കുകളും ബീജ ബാങ്കിംഗ് സൗകര്യങ്ങളും കൊവിഡ് ബാധിതരായ പുരുഷന്മാരുടെ ബീജം വിലയിരുത്തുന്നതിന് വേണ്ടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ക്ലിനിക്കുകൾ കൊവിഡ് ബാധിതരായ പുരുഷന്മാരെ അവരുടെ ബീജത്തിന്‍റെ ഗുണനിലവാരം സാധാരണ നിലയിലാകുന്നത് വരെ ഒഴിവാക്കണമെന്നും ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.