ന്യൂയോര്‍ക്ക്: എയറോബിക് വ്യായമങ്ങള്‍ (നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ശ്വാസോച്ഛ്വാസം വേഗത്തില്‍ എടുക്കേണ്ടിവരുന്ന വ്യായാമങ്ങള്‍) കാന്‍സറിനെതിരെയുള്ള ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തിന് ശക്‌തി പകരുമെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം. ശാസ്ത്ര ജേര്‍ണലായ കാന്‍സര്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനം പാന്‍ക്രിയാറ്റിക് കാന്‍സറിനെയാണ് പഠന വിധേയമാക്കിയത്.
എയറോബിക് വ്യായമങ്ങള്‍ ചെയ്യുന്നവരില്‍ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം ഉത്തേജിപ്പിച്ചു കൊണ്ടുള്ള കാന്‍സര്‍ ചികിത്സ രീതിയായ കാന്‍സര്‍ ഇമ്മുണോതെറാപ്പിയുടെ (cancer immunotherapy) ഫലം കൂട്ടുമെന്നും ഈ പഠനത്തില്‍ കണ്ടെത്തി. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസത്‌നികളുടെ ശരീരത്തിന്‍റെ പ്രതിരോധം സംവിധാനം എങ്ങനെ കാന്‍സര്‍ കോശങ്ങളെ അസ്വഭാവികം എന്ന് കണ്ടെത്തി തിരിച്ചറിയുന്നു എന്നതില്‍ കൂടുതല്‍ വെളിച്ചം വീശുന്നതാണ് പഠനം. എലികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്
അഡ്രിനാലിന്‍റെ ഗുണഫലങ്ങള്‍: വ്യായാമം ചെയ്യുമ്പോള്‍ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ നമ്മുടെ ശരീരത്തില്‍ വര്‍ധിക്കുന്നതാണ് കാന്‍സറിനെതിരെ വര്‍ധിച്ച പ്രതിരോധം തീര്‍ക്കാന്‍ ശരീരത്തെ പ്രാപ്‌തമാക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇന്‍റെര്‍ലിയുക്കിന്‍-15 എന്ന പ്രോട്ടീനിനോട്(IL-15) പ്രതികരിക്കുന്ന സിഡി8 ടി കോശങ്ങളുടെ (CD8 T cells) പ്രവര്‍ത്തനത്തെ വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വര്‍ധിച്ച അളവിലുള്ള അഡ്രിനാലിന്‍ ഉത്തേജിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയത്. കോശത്തില്‍ രോഗാണുക്കളോ, അതില്‍ അപകടകരമായ മാറ്റങ്ങള്‍ സംഭവിച്ചാലോ അതിന്‍റെ സൂചന നല്‍കുന്നത് ഐല്‍-15നാണ്.
കാന്‍സര്‍ സംഹാരി കോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും: കൂടാതെ സിഡി8 ടി കോശങ്ങളുടെഎണ്ണം എയറോബിക് വ്യായാമം ചെയ്യുമ്പോള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ കണ്ടെത്തി. സിഡി8 ടി സെല്ല് ഗ്രേയിന്‍സയിമ് ബി എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധാക്കുന്നത്. ഈ കണ്ടെത്തലില്‍ നിന്നും ഗവേഷകര്‍ അനുമാനിക്കുന്നത് ഒരാഴ്‌ച അഞ്ച് തവണം മുപ്പത് മിനിട്ട് വീതം എയറോബിക് വ്യായാമം ചെയ്‌താല്‍ കാന്‍സര്‍ ഉണ്ടാവുന്നതിന്‍റെ സാധ്യത 50 ശതമാനം കുറയുമെന്നാണ് .
പാന്‍ക്രിയാറ്റിക് കാന്‍സര്‍ വന്ന രോഗികളില്‍ വ്യായാമം ചെയ്യുന്നവരില്‍ അതിന്‍റെ വ്യാപനം മറ്റ് രോഗികളെ അപേക്ഷിച്ച് മന്ദഗതിയില്‍ ആയിരിക്കുമെന്നും മറ്റ് രോഗികളേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്നും കണ്ടെത്തി. ഇതിന് കാരണം ഇവരില്‍ സിഡി 8 ടി സെല്‍ കൂടുതല്‍ ഉള്ളത് കൊണ്ടാണ്. പാന്‍ക്രിയാറ്റിക് ട്യൂമര്‍ നിക്കം ചെയ്‌തവരില്‍ ടെക്‌സാസ് സര്‍വകലാശാലയിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്‍ററുമായി സഹകരിച്ച് ഗവേഷകര്‍ ഇതിനായി പരിശോധന നടത്തി. ശസ്‌ത്രക്രയയ്‌ക്ക് മുന്‍പ് എയറോബിക് വ്യായമം ചെയ്‌തവരും എല്ലാത്തവരും എന്ന നിലയില്‍ വര്‍ഗീകരിച്ചാണ് പരിശോധന നടത്തിയത്. വ്യായാമം ചെയ്‌തവരില്‍ കാന്‍സര്‍ കോശത്തെ നശിപ്പിക്കാന്‍ പ്രാപ്‌തിയുള്ള സിഡി 8 ടി സെല്‍ കൂടുതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.