നീലഗിരി: ചേരമ്പാടിക്ക് സമീപം സോളാടി ചെക്ക്‌പോസ്റ്റില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ കാറില്‍ മുള്ളന്‍ പന്നിയുടെ ജഡം കണ്ടെത്തി. മലപ്പുറം നിലമ്പൂരില്‍ നിന്ന് നാടുകാണി, ദേവാല, സോറമ്പാടി വഴി വൈത്തിരിയിലേക്ക് പോകുകയായിരുന്നു കാറില്‍ നിന്നാണ് മുള്ളന്‍ പന്നിയുടെ ജഡം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന വയനാട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.
കാറിന്‍റെ ഡിക്കിയില്‍ രക്തം കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നിയ പൊലീസ്, വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നു വരുന്ന നിലയില്‍ ഒരു ചാക്ക് കണ്ടെത്തി. ചാക്ക് തുറന്നപ്പോഴാണ് ഉള്ളില്‍ മുള്ളന്‍ പന്നിയുടെ ജഡം കണ്ടത്.
മുള്ളന്‍ പന്നിയെ വേട്ടയാടി കൊണ്ടുപോകുകയാണെന്ന് സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്‌തു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് മുള്ളന്‍ പന്നി കൊല്ലപ്പെടുകയായിരുന്നു എന്ന് വാഹനത്തിലുണ്ടായിരുന്ന സംഘം പൊലീസിനോട് പറഞ്ഞു. കാറിന്‍റെ ചക്രത്തില്‍ കുടുങ്ങിയാണ് മുള്ളന്‍ പന്നി ചത്തതെന്നും ഇവര്‍ വ്യക്തമാക്കി.
അറസ്റ്റിലായത് വയനാട് കാക്കവയല്‍ സ്വദേശികള്‍: പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടലൂര്‍ ഫോറസ്റ്റ് ഓഫിസര്‍ ഓംകാറിന്‍റെ നിര്‍ദേശ പ്രകാരം സേറമ്പാടി ഫോറസ്റ്റ് വാർഡൻ അയ്യനാർ, ഫോറസ്റ്റ് കൺസർവേഷൻ ടീം ഫോറസ്റ്റ് വാർഡൻ രാധാകൃഷ്‌ണൻ, ഫോറസ്റ്റ് വാർഡൻ ആനന്ദ്, ഫോറസ്റ്റ് കൺസർവേറ്റർ ഗുണശേഖരൻ എന്നിവർ ചേർന്ന് കൂടുതല്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ കാറില്‍ ഉണ്ടായിരുന്നവര്‍ വയനാട് കാക്കവയല്‍ സ്വദേശികളായ അതുൽ കുമാർ (26), മുനീർ (33), സിറാജുദ്ദീൻ (46) എന്നിവരാണെന്ന് കണ്ടെത്തി.
ഇതിന് പിന്നാലെയാണ് വനംവകുപ്പ് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തത്. ചത്ത മുള്ളൻപന്നിയേയും വൈദ്യപരിശോധനയ്ക്ക് അയച്ചു. അറസ്റ്റ് ചെയ്‌ത മൂന്ന് പേരെയും ബണ്ടലൂർ കോടതിയിൽ ഹാജരാക്കി ഗൂഡല്ലൂർ ബ്രാഞ്ച് ജയിലിലേക്ക് മാറ്റി.
കാട്ടുപോത്തിനെ വേട്ടയാടിയ സംഭവം നിരവധി: കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയ മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം പിടിയിലായിരുന്നു. വേട്ടയാടിയ കാട്ടുപോത്തിന്‍റെ മാംസം ഇവര്‍ വില്‍ക്കുകയും ചെയ്‌തിരുന്നു. കരുളായി റേഞ്ച് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അമരമ്പലം റിസര്‍വ് വനത്തില്‍ നിന്നാണ് ഇവര്‍ കാട്ടുപോത്തിനെ പിടിച്ചത്. വനം വകുപ്പിന്‍റെ ഷാഡോ ടീം നടത്തിയ നിരന്തര അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
2020 ഓഗസ്റ്റിലും സമാനമായ സംഭവം മലപ്പുറത്ത് നടന്നിട്ടുണ്ട്. പൂര്‍ണ ഗര്‍ഭിണിയായ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തില്‍ അഞ്ച് പേരാണ് അന്ന് അറസ്റ്റിലായത്. പുഞ്ച സ്വദേശികളായിരുന്നു അറസ്റ്റിലായവര്‍. കാട്ടുപോത്തിനെ വെടിവച്ചാണ് സംഘം പിടികൂടിയത്. സംഘത്തില്‍ പെട്ട ഒരാളുടെ വീട്ടില്‍ നിന്ന് 25 കിലോയില്‍ അധികം കാട്ടുപോത്തിന്‍റെ ഇറച്ചി കണ്ടെത്തിയിരുന്നു.
അന്വേഷണത്തില്‍ കാട്ടുപോത്തിന്‍റെ ഭ്രൂണ അവശിഷ്‌ടങ്ങളും വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. മാംസം ശേഖരിച്ച ശേഷം തലയോട്ടിയും മറ്റ് അവശിഷ്‌ടങ്ങളും കാട്ടില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ പറഞ്ഞു. ഇവര്‍ പറഞ്ഞതു പ്രകാരം കാട്ടില്‍ തെരച്ചില്‍ നടത്തിയതിനെ തുടര്‍ന്ന് തലയോട്ടിയും മറ്റും കണ്ടെത്തുകയും ചെയ്‌തു. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ടിരിക്കുന്ന വന്യമൃഗമാണ് കാട്ടുപോത്ത്. കാട്ടുപോത്തിനെ വേട്ടയാതുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്.