വയനാട് : വാനരവസൂരി സംശയത്തോടെ വയനാട് മനന്തവാടിയില്‍ യുവതി നിരീക്ഷണത്തില്‍. കഴിഞ്ഞ മാസം യു.എ.ഇയില്‍ നിന്നെത്തിയ 38-കാരിയാണ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. യുവതിയുടെ ശരീരസ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. യു.എ.ഇയില്‍ നിന്നെത്തിയ യുവതി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വാനര വസൂരിയാണെന്ന സംശയത്തെതുടര്‍ന്നാണ് അവിടെ നിന്നും മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
ആഫ്രിക്കന്‍ പന്നിപ്പനി - നെന്മേനിയില്‍ പന്നികളെ ദയാവധം ചെയ്‌തുതുടങ്ങി : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പൂളക്കുണ്ടില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ന് (02-08-2022) ഉച്ചയോടെയാണ് നടപടികള്‍ തുടങ്ങിയത്. സ്വകാര്യ ഫാമിലെ 195 പന്നികളെ ഹ്യുമേന്‍ കള്ളിങ്ങിന് വിധേയമാക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങളടക്കം 213 പന്നികളാണ് ഇവിടെയുള്ളത്. രോഗബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും, എട്ടും വീതം പന്നികളെയും കൊല്ലും. അഗ്നിരക്ഷസേനയുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടികളും അതിന് ശേഷം സ്വീകരിക്കും.
സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സജി ജോസഫിനാണ് രോഗബാധിത പ്രദേശത്തെ ആര്‍.ആര്‍.ടി ഏകോപന ചുമതല. അദ്ദേഹത്തിന്‍റെ അധ്യക്ഷതയില്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി രാവിലെ യോഗം ചേര്‍ന്നിരുന്നു. രാവിലെ 9 മുതല്‍ പന്നികളെ സംസ്‌കരിക്കുന്നതിനുള്ള കുഴി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ശേഷമാണ് മറ്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്.
12 അടി താഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുളള കുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയ്യാറാക്കിയത്. നൂല്‍പ്പുഴ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. അസൈനാര്‍, അമ്പലവയല്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വിഷ്ണു സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പന്നികളെ ഉന്മൂലനം ചെയ്‌തത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്മൂലന നടപടികളില്‍ പങ്കാളികളായ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടര്‍ പി.ജെ ഷൈജു, എ.പ്രവീണ്‍ ലാല്‍ തുടങ്ങിയവരും ആര്‍.ആര്‍.ടി സംഘത്തിലുണ്ട്.