വയനാട്: വൈത്തിരിയില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒക്‌ടോബര്‍ മൂന്നിന് ദേശീയ പാത ഉപരോധിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസിന് മുന്‍വശത്താണ് ദേശീയ പാത ഉപരോധിക്കുക. മേഖലയിലെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മേഖലയില്‍ വര്‍ഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണെന്നും അതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വര്‍ധിച്ച വന്യമൃഗ ശല്യം കൃഷി മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇത്തരത്തില്‍ തോട്ടം തൊഴിലാളികളായ നിരവധി സ്‌ത്രീകള്‍ ആനയുടെ ആക്രമണത്തില്‍പ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വീട്ടിനുള്ളിലെത്തിയിട്ട് വരെ വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നുണ്ട്. തേയില തോട്ടങ്ങളില്‍ കടുവയുടെ സാന്നിധ്യം വര്‍ധിച്ച് വരികയാണ്.
മേഖലയില്‍ വനാതിര്‍ത്തിയെ വേര്‍തിരിക്കുന്ന ആധുനിക രീതിയിലുള്ള ഫെന്‍സിങ് സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പാത ഉപരോധിക്കാന്‍ തീരുമാനമെടുത്തതെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.വി. വിജേഷ്, കൺവീനർ എൻ.ഒ. ദേവസി, അംഗങ്ങളായ സലീം മേമന, എ.എ വർഗ്ഗീസ്, എം.വി ബാബു, കെ.കൃഷ്‌ണൻ, ജ്യോതിഷ് കുമാർ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.