കണ്ണൂര്‍/വയനാട്: നൂല്‍ മഴ മറയുമ്പോൾ ചുരം കയറണം വയനാട്ടിലേക്ക്... കാരണം വയനാട് കൂടുതല്‍ സുന്ദരിയാണിപ്പോൾ...മഴയൊഴിഞ്ഞപ്പോൾ തുഷാര ബിന്ദുക്കൾ ഇലകളെ തൊട്ടുരുമ്മി കാഴ്‌ചകൾ വിരുന്നൊരുക്കുകയാണ് വയനാട്ടില്‍ ഇപ്പോൾ. പതഞ്ഞൊഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, മഞ്ഞു മൂടിയ മലനിരകള്‍, മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും മാത്രമല്ല എവിടെയും എപ്പോഴും കാണാൻ പാകത്തില്‍ കാട്ടാനക്കൂട്ടവും കടുവയും പുലിയും കാട്ടുപോത്തും മാനുമൊക്കെയുള്ള ഹരിതവനങ്ങള്‍...
മാനം തെളിയുമ്പോൾ ചെമ്പ്ര മലമുകളിലേക്ക് പോകാം.. വൈത്തിരിയിലും മേപ്പാടിയിലും പടിഞ്ഞാറെ തറയിലും സഞ്ചാരികൾക്ക് സ്വാഗതമോതി തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ ബൈസൈക്കിള്‍ റോപ് വേ, ബോട്ടിങിന് ബാണാസുര സാഗറും പൂക്കോട് തടാകവും. ആകാശം തൊട്ടുരുമ്മുന്ന മഞ്ഞിനെ തൊടാൻ ബ്രഹ്മഗിരിയിലേക്കും കാറ്റുകുന്നിലേക്കും യാത്ര പോകാം. മഴയൊഴിഞ്ഞ കുറുവ ദ്വീപ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണം.
മഴക്കാലത്ത് കുത്തിയൊലിച്ചിറങ്ങുന്ന മീൻമുട്ടിയും സൂചിപ്പാറയും കാന്തൻപാറയും ഇപ്പോൾ രൗദ്രഭാവം വെടിഞ്ഞിട്ടുണ്ടാകും. ചരിത്രത്തിന്‍റെ തിരുശേഷിപ്പായി എടക്കല്‍ ഗുഹയും ജൈനബസ്‌തികളും കണ്ട് കഴിയുമ്പോൾ കണ്ടു തീരാത്ത വയനാടൻ കാഴ്‌ചകളിലേക്ക് മനസ് പതിയെ പാറിക്കളിക്കും. കുരുമുളകും കാപ്പിയും ഏലവും വിളയുന്ന മണ്ണ് ശരിക്കും സഞ്ചാരികളുടെ സ്വർഗമാണ്. കണ്ടുതീരാത്ത എത്രയോ കാഴ്‌ചകൾ ബാക്കിയുണ്ടിവിടെ... ഇനിയും വരണം...