വയനാട്: ജില്ലയില്‍ മഴയെ നേരിടാൻ പ്രതിരോധങ്ങൾ സജ്ജമാണെന്ന് ജില്ല കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെമന്ന് ജില്ല കലക്ടർ അറിയിച്ചു. ഈ മാസം എട്ടു വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ല മണ്ണ് സംരക്ഷണ വിഭാഗത്തിലെ കണക്കുകളനുസരിച്ച് പുത്തുമലക്കടുത്ത് കള്ളാടിയിൽ ആണ് ഇന്ന് ഏറ്റവും കൂടുതൽ മഴ പെയ്തത്. 310 മില്ലി മീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇവിടെ 500 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയ ദിവസമാണ് സമീപത്തെ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുത്തുമലക്കടുത്ത് ചൂരൽ മലയിൽ 290 മില്ലി മീറ്ററും, പേര്യയിൽ 167 മില്ലി മീറ്ററും, ബാണാസുര അണക്കെട്ടിന് സമീപം 159 മില്ലി മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.