വയനാട്: അവസാന ലാപ്പിൽ വയനാട്ടിൽ പ്രചാരണം കടുപ്പിച്ച് രാഹുൽ ഗാന്ധി. ബഫർ സോൺ പ്രശ്‌നവും മെഡിക്കൽ കോളജും ന്യായ് പദ്ധതിയുമെല്ലാം പരാമർശിച്ച് വയനാട്ടിൽ പ്രചാരണം ശക്തമാക്കി. ഈസ്റ്റർ ദിനത്തിൽ ആശംസയറിയിച്ചാണ് വയനാട്ടിലെ ജനങ്ങളെ രാഹുൽ അഭിവാദ്യം ചെയ്‌തത്. സർക്കാർ വയനാടിനെ അവഗണിക്കുന്നുവെന്നും എംപി എന്ന നിലയിൽ വയനാട് സംരക്ഷിക്കേണ്ട ചുമതല തനിക്കുണ്ടെന്നും രാഹുൽ ഗാന്ധിയുടെ പരാമർശം.
മെഡിക്കൽ കോളജിൻ്റെ കാര്യത്തിൽ സർക്കാർ അനാസ്ഥ കാണിച്ചു. ഒരു ബോർഡ് വച്ചതുകൊണ്ടുമാത്രം മെഡിക്കൽ കോളജ് ഉണ്ടാകില്ലെന്ന് പിണറായി സർക്കാർ മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ആരോഗ്യ മേഖലയിലെ പുരോഗതിക്ക് മെഡിക്കൽ കോളജ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബഫർ സോൺ പ്രശ്‌നം ഉണ്ടാക്കിയത് കേരള സർക്കാരാണെന്നും അത് പാർലമെൻ്റിൽ കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയത് തന്നെ ഞെട്ടിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പട്ടിക വർഗ സമുഹത്തിനു വേണ്ട സംരക്ഷണം നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. വിനോദ സഞ്ചാര മേഖലയിലും സുഗന്ധ വ്യഞ്ജന ലഭ്യതയിലൂടെയുമെല്ലാം വയനാടിനെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കും. എന്നാൽ ഇടതു പക്ഷവുമായി സഹകരിച്ച് വയാനാടിന് വേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അതിന് യുഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ വരണമെന്നും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടത് സർക്കാരിന് വയനാടിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
ആരോഗ്യ മേഖലയിലെ അഭാവം നിലവിലുണ്ട്. ബഫർ സോണിൻ്റെ പ്രശ്‌നം ഉണ്ടാക്കിയ വെല്ലുവിളി വളരെ വലുതാണ്. വന്യമൃഗ ശല്യത്തിൽ നിന്നും നാട്ടുകാരെ സംരക്ഷിക്കെണ്ടതുണ്ട് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യായ് പദ്ധതിയിലൂടെ കുറഞ്ഞത് 72000 രൂപ വർഷത്തിൽ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ നിക്ഷേപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.