വയനാട്: കടന്നല്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ പിണങ്ങോട് കളത്തിങ്കല്‍ ബീരാന്‍ (63) മരിച്ചു. വയനാട് പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മരിച്ചയാളുടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അഞ്ചുപേര്‍ ഇതേ ആശുപത്രിയിലും മറ്റുള്ളവര്‍ ചെന്നലോട് സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. പൊഴുതന സ്വദേശി ആലിയുടെ വീട്ടില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തോട്ടത്തില്‍ വരമ്പ് നിര്‍മാണത്തിനിടെയായിരുന്നു സംഭവം. ആലിയുടെ ചെവിയ്ക്കുള്ളില്‍ കടന്നല്‍ കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം, ചെവിക്കുള്ളില്‍ നിന്നും കടന്നലിനെ എടുത്തുകളഞ്ഞു.