വയനാട് വൈത്തിരിയിൽ പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീൽ ആണെന്ന് സൂചന. റിസോർട്ടിനുള്ളിൽ കാടിനോട് ചേർന്നുള്ള കുളത്തിനരികിലായാണ് മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലിനെ തുടർന്ന് വൈത്തിരിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാദ്ധ്യായ, ജില്ലാ കളക്ടർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
വൈത്തിരി ലക്കിടിക്ക് സമീപം ഉപവൻ റിസോർട്ടിൽ ഇന്നലെ രാത്രി എട്ടോടെയാണ് മാവോയിസ്റ്റുകൾ എത്തിയത്. പിന്നീട് താമസക്കാരെ ബന്ദികളാക്കുകയും പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് റിസോർട്ട് നടത്തിപ്പുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും തണ്ടർബോൾട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു. രാത്രി എട്ടരയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിന് സമീപത്ത് നിന്ന് മാവോയിസ്റ്റ് സംഘാംഗത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു.
തണ്ടർബോൾട്ട് സംഘാംഗങ്ങൾ റിസോർട്ടിന് അകത്തും പുറത്തും കയറിയാണ് ഏറ്റുമുട്ടൽ നടത്തിയത്. ബഹളത്തിനിടെ മാവോയിസ്റ്റ് സംഘത്തിലെ ചിലർ സമീപത്തെ കാട്ടിലേക്ക് കടന്നുവെന്ന വിവരത്തെത്തുടർന്ന് അവിടെയും തിരച്ചിൽ നടത്തിയിരുന്നു. നടപടികളുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അക്രമമുണ്ടായതിനെത്തുടർന്ന് ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. അക്രമണ വിവരമറിയാതെ ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ റിസോർട്ട് പരിസരത്ത് ഗതാഗതകുരുക്ക് ഉണ്ടാക്കിയിരുന്നു.