വയനാട് : വാകേരിയിലെ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍. മാരമല, ഒമ്പതേക്കര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് തെരച്ചില്‍ ഊര്‍ജിതമാക്കിയത് (Wayanad man eating tiger located). വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവുമാണ് തെരച്ചില്‍ നടത്തുന്നത് (searching for the tiger in Wayanad). പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.
വയനാട് സൗത്ത് ഡിഎഫ്ഒ ഷജ്‌ന കരീം, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോക്‌ടര്‍ ജിനേഷ് മോഹന്‍ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇതിനിടയില്‍ പൂതാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു (curfew in Moodakolly Wayanad). കടുവയ്ക്കായി തെരച്ചില്‍ തുടങ്ങിയ സാഹചര്യത്തിലാണ് നിരോധനാജ്ഞ.
വാകേരിയിൽ യുവാവിന്‍റെ ജീവനെടുത്ത കടുവയെ പിടികൂടാന്‍ വനം വകുപ്പ് സര്‍വ സജ്ജമാണെന്ന് ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവിധ റേഞ്ചുകളിലെ ഉന്നത ഉദ്യോഗസ്ഥരും വനം വകുപ്പിലെ രണ്ട് ആര്‍ആര്‍ടി സംഘവുമാണ് ഇന്നലെ (ഡിസംബര്‍ 11) പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഇന്നലെ കൂടുതല്‍ കാമറകളും പ്രദേശത്ത് സ്ഥാപിച്ചിരുന്നെങ്കിലും കടുവയുടെ ചിത്രങ്ങളോ പുതിയ കാല്‍പാടുകളോ ഒന്നും കണ്ടെത്താനായിരുന്നില്ല.
കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ പ്രജീഷിന്‍റെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ ഇന്നലെ കൈമാറിയിരുന്നു.
ചെതലയം റേഞ്ച് ഓഫിസര്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ ചേര്‍ന്നാണ് ബന്ധുക്കള്‍ക്ക് ധനസഹായം കൈമാറിയത്. അതേസമയം പ്രജീഷിന്‍റെ വീട് സന്ദര്‍ശിച്ച കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്, പ്രദേശത്തെ പരിപാലിക്കാത്ത സ്വകാര്യ എസ്റ്റേറ്റുകള്‍ പിടിച്ചെടുക്കണമെന്ന് പ്രതികരിച്ചു. യുവാവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും ഒരാള്‍ക്ക് ജോലിയും നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ടോടെ വയനാട് എംപി രാഹുല്‍ ഗാന്ധിയും പ്രജീഷിന്‍റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി കുടുംബത്തോട് പറഞ്ഞു. ഡിസംബര്‍ ഒന്‍പതിനാണ് ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ 36 കാരനായ കൂടല്ലൂര്‍ മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്.
More Read: വയനാട്ടില്‍ യുവാവിനെ കടുവ കൊന്നു, ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍
സംഭവ ദിവസം രാവിലെ പുല്ലരിയാന്‍ പോയ പ്രജീഷ് ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു ശരീരം. സമീപത്ത് ശരീര അവശിഷ്‌ടങ്ങള്‍ ചിതറിയ നിലയിലും കണ്ടെത്തിയിരുന്നു.
സംഭവം അറിയിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ല എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്‌ടറും ഡിഎഫ്‌ഒയും അടക്കം സ്ഥലത്ത് എത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പിറ്റേ ദിവസം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബവും നാട്ടുകാരും മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. കടുവയെ പിടികൂടാനുള്ള ഉത്തരവ് വരാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. പിന്നാലെ ഉത്തരവാകുകയും മൃതദേഹം ഏറ്റുവാങ്ങുകയുമായിരുന്നു.