വയനാട്: തവിഞ്ഞാല്‍ ജനവാസമേഖലയിലെ കിണറ്റിൽ അകപ്പെട്ട പുലിയെ രക്ഷപ്പെടുത്തി. തമിഴ്‌നാട് മുതുമലയിൽ നിന്നെത്തിയ വനം വകുപ്പ് സംഘം അതിവിദഗ്‌ധമായാണ് പുലിയെ പുറത്തെടുത്തത്. ഇന്ന് (ഒക്‌ടോബര്‍ ഏഴ്) രാവിലെ ആറ് മണിയ്‌ക്ക് പുതിയിടത്തുള്ള ജോസിൻ്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വന്യമൃഗം വീണത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നോർത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി. എന്നാൽ, മയക്കുവെടി സംഘം ജില്ലയില്‍ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന്, തമിഴ്‌നാട് മുതുമലയിലെ വനം വകുപ്പ് സംഘത്തിൻ്റെ സഹായം തേടുകയായിരുന്നു.
വൈകിട്ടോടെ, കയര്‍ ഉപയോഗിച്ച് വല കിണറ്റിലേക്കിറക്കിയാണ് പുലിയെ പുറത്തെത്തിച്ചത്. കുത്തനെവച്ച കൂടിന്‍റെ വാതിലിലൂടെ വല അകത്തേക്കിറക്കി ഇതിനായി കയറും കപ്പിയുമെല്ലാം പ്രത്യേകമായി സജ്ജീകരിച്ചിരുന്നു. ആറ് വയസ് പ്രായം തോന്നിക്കുന്ന കിണറ്റിൽ അകപ്പെട്ടത്. മാനന്തവാടിയിലെ പ്രാഥമിക പരിശോധനക്കുശേഷം ചികിത്സ നൽകുന്നതിനായി ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് പുലിയെ മാറ്റും.