വയനാട്: വയനാട്ടിലെ ഗോത്ര വിദ്യാർഥികൾക്ക് നിയമ പഠനത്തിന് വഴികാട്ടിയാവുകയാണ് ലീഗല്‍ സർവീസ് അതോറിറ്റി. നാഷണൽ ലോ സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള പ്രത്യേക പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. നിയമ പഠന വഴികളിലൊന്നും വയനാട്ടിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളില്ല എന്ന തിരിച്ചറിവാണ് ജില്ല ലീഗൽ സർവീസസ് അതോറിറ്റിയെ ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്. പദ്ധതിക്ക് പിന്തുണയുമായി ഇന്‍റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്‍റ് പ്രോഗ്രാം ഉദ്യോഗസ്ഥരുമുണ്ട്. ഗോത്രവർഗമായ കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുള്ള ഒൻപത് കുട്ടികൾക്കാണ് ഒരു മാസത്തെ പരിശീലനം നൽകുന്നത്. സുൽത്താൻബത്തേരി നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്കാണ് പരിശീലനം. ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് വക്കീൽ കുപ്പായം അണിയാമെന്ന സ്വപ്നവുമായി ഇവിടെയുള്ളത്.
പ്രവേശന പരീക്ഷ എഴുതുന്നതിന് ഒരു കുട്ടിക്ക് 3500 രൂപയാണ് ഫീസ്. ഐടിഡിപി ആണ് ഈ തുക നൽകിയത്. പ്രവേശനം കിട്ടുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ലീഗൽ സർവീസസ് അതോറിറ്റിയും ഐടിഡിപിയും വഹിക്കും. കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് ജില്ല ലീഗൽ സർവീസസ് അതോറിറ്റി ഈ പദ്ധതി സമർപ്പിച്ചു. അംഗീകാരം കിട്ടിയാല്‍ സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കും.