വയനാട്: സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗമായിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ് വയനാട്ടുകാർക്ക്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയോട് സ്വകാര്യ മെഡിക്കൽ കോളജ് കാണിക്കുന്ന വിമുഖതയാണ് പ്രശ്നം.
കാരുണ്യ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച് സർക്കാർ ആശുപത്രികളും ഒരു സ്വകാര്യ മെഡിക്കൽ കോളജുമാണ് വയനാട്ടിൽ ഉള്ളത്. ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജ് ഇല്ലാത്തതുകൊണ്ട് വിദഗ്ധചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ മെഡിക്കൽ കോളജോ കോഴിക്കോട് മെഡിക്കൽ കോളജോ ആശ്രയിക്കേണ്ട അവസ്ഥ. എന്നാൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ഒന്നും കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിദഗ്ധചികിത്സ കിട്ടുമെന്ന പ്രതീക്ഷയിൽ രോഗികൾ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിയതിനു ശേഷം ആയിരിക്കും ഇൻഷുറൻസ് സൗകര്യമില്ല എന്ന് അറിയുന്നത്. കാരുണ്യ പദ്ധതിയിൽ ഹൃദ്രോഗ വിഭാഗം എങ്കിലും ഉൾപ്പെടുത്താൻ ജില്ലാഭരണകൂടം സ്വകാര്യ മെഡിക്കൽ കോളജിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.