വയനാട്: വലയസൂര്യഗ്രഹണത്തിന് ഇനി ദിവസങ്ങൾ മാത്രം. ജില്ലാ ഭരണകൂടവും വിവിധ സംഘടനകളും സൂര്യഗ്രഹണം നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് വയനാട്ടിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ മാസം ഇരുപത്തിയാറിനാണ് വലയസൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുന്നത്. കേരളത്തിൽ വടക്കൻ ജില്ലകളിലായിരിക്കും ഇത് കൂടുതൽ ദൃശ്യമാകുക. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് അവബോധ ക്ലാസുകളും സൂര്യ കണ്ണടകൾ നിർമ്മിക്കാനുള്ള പരിശീലനവും തുടങ്ങിക്കഴിഞ്ഞു. അമ്പലവയലിൽ ചീങ്ങേരി മലയുടെ മുകളിൽ സൂര്യഗ്രഹണം കാണാൻ വിനോദസഞ്ചാര വകുപ്പ് സൗകര്യമൊരുക്കും. കൽപ്പറ്റയിൽ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്തും മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൂടാതെ സ്‌കൂളുകളിലും ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ വായനശാലകളിലും സൂര്യഗ്രഹണം കാണാൻ സൗകര്യം ഒരുക്കുന്നുണ്ട്.