വയനാട്: ഫിഷറീസ് വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥിയായ യുവതിയോട് കോഴ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ഫിഷറീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. വയനാട് കരാപ്പുഴയിലെ ഫിഷറീസ് ഓഫിസര്‍ സുജിത് കുമാറിനെയാണ് വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്റെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡയറക്‌ടര്‍ സസ്പെന്‍ഡ് ചെയ്‌തതായി ഉത്തരവിട്ടത്. മാത്രമല്ല ഈ വിഷയം അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഫിഷറീസ് ഡയറക്‌ടറോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.
നിയമനം നൽകാൻ തനിക്ക് വഴങ്ങണമെന്ന രീതിയിലാണ് യുവതിയോട് സുജിത് കുമാർ ഫോണിലൂടെ സംസാരിച്ചത്. ഫിഷറീസ് ഓഫിസറായിരുന്ന സുജിത് കുമാർ നിയമനത്തിന് പണവും പാരിതോഷികങ്ങളും ആവശ്യപ്പെടുന്ന ഓഗസ്‌റ്റ് 23ന് രാത്രി 10 മണിയോടെയുള്ള സംഭാഷണമാണ് യുവതി മുമ്പ് പുറത്തുവിട്ടത്. ലൈംഗിക താത്പര്യത്തോടെയാണ് ഇയാള്‍ സംസാരിച്ചതെന്ന് ഉദ്യോഗാർഥി പറയുന്നു.
ഫിഷറീസ് വകുപ്പിലെ കോർഡിനേറ്റർ തസ്‌തികയിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ലിസ്‌റ്റ് അട്ടിമറിച്ച് യുവതിയെ പുറത്താക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് അവസരം നഷ്‌ടമായതിൽ മനംനൊന്ത് യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. അതേസമയം യോഗ്യത മാനദണ്ഡം അട്ടിമറിച്ച് വകുപ്പിൽ കരാർ നിയമനം നടത്തിയത് മുമ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.