വയനാട് : റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടിക്കിടെ പിടിയിലായ ടി.പി വധക്കേസ് പ്രതി കിർമാണി മനോജടക്കമുള്ള മുഴുവൻ പേരെയും റിമാന്‍ഡ് ചെയ്‌തു. ഇവരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മെഡിക്കൽ പരിശോധന പൂർത്തിയാക്കി മാനന്തവാടി മജിസ്ട്രേറ്റിന് മുന്നിലാണ് പ്രതികളെ ഹാജരാക്കിയത്.
പടിഞ്ഞാറത്തറ റിസോർട്ടില്‍ നടന്ന മയക്കുമരുന്ന് പാർട്ടിക്കിടെയാണ് കിർമാണി മനോജടക്കം 15 പേര്‍ ചൊവ്വാഴ്‌ച പിടിയിലായത്. നിരവധി കേസുകളിലെ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളാണ് അറസ്റ്റിലായവര്‍.
എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകള്‍ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയ്‌ക്കിടെ ചിലർ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
also read: വീട്ടിൽ അതിക്രമിച്ച് കയറി 88കാരിയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ട നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമാണ് റിസോർട്ടിൽ നടന്നത്. രണ്ട് വർഷം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം റാഞ്ചിയ കേസിലെ പ്രതിയാണ് പാർട്ടി സംഘടിപ്പിച്ച കമ്പളക്കാട് മുഹ്സിൻ.
വയനാട്ടിലും ഇയാൾക്കെതിരെ മൂന്ന് കേസുകളുണ്ട്. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ട നേതാവാണിയാള്‍.