വയനാട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച സുൽത്താൻ ബത്തേരിക്കടുത്തുള്ള ചീരാൽ, മാനന്തവാടിക്ക് അടുത്ത കമ്മന, മീനങ്ങാടി എന്നീ പ്രദേശങ്ങൾ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേരും മാനന്തവാടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിലൊരാൾ ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ ആളാണ്. ഇയാൾ ഈ മാസം ഏഴ് മുതൽ നിരീക്ഷണത്തിലായിരുന്നു. ജില്ലാ അതിർത്തിയിൽ നിന്നും ഇയാളെ വീട്ടിലേക്ക് കൊണ്ടു വന്ന സുഹൃത്തിനെയും സഹോദരനെയും നേരത്തെ തന്നെ നിരീക്ഷണത്തിൽ ആക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
മറ്റുള്ളവർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. രോഗം സ്ഥിരീകരിച്ച ഏഴു പേരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കോയമ്പേട് മാർക്കറ്റിൽ നിന്ന് ജില്ലയിൽ എത്തിയ ആറ് പേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ തിരക്ക് കുറയ്ക്കാൻ കൂടുതൽ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. ഇതിനായി 11 ജീവനക്കാരെ പുതിയതായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.