വയനാട്: ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിക്ക് പിന്തുണ നൽകുന്ന ലഘുലേഖ താൻ ഏറ്റു വാങ്ങിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള. പ്രചാരണം വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും കലക്ടർ പറഞ്ഞു.
കാണാൻ വരുന്ന എല്ലാവരെയും കാണാൻ കലക്ടർ എന്ന നിലയിൽ താന്‍ ബാധ്യസ്ഥയാണെന്ന് ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു. അതിൻറെ ഭാഗമായാണ് ലഘുലേഖ ഏറ്റുവാങ്ങിയത്. കലക്ടർ എന്ന പദവിയിൽ ഇരിക്കുന്നതുകൊണ്ട് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല. എന്നാൽ തന്‍റെ ഉമ്മ ഉൾപ്പടെയുള്ളവർക്ക് നിയമത്തിൽ ആശങ്ക ഉണ്ടെന്നും കലക്ടർ പറഞ്ഞു.