വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് വയനാട് ഒരുങ്ങി. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. 13,57,819 വോട്ടർമാരാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉള്ളത്. വയനാട് ജില്ലയിൽ 5,94,177 വോട്ടർമാരുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ അനുസരിച്ച് പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. 575 പോളിംഗ് സ്റ്റേഷനുകളാണ് വയനാട് ജില്ലയിലുള്ളത്. ഇതിൽ 72 പോളിങ്ങ് ബൂത്തുകളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
23 പോളിംഗ് സ്റ്റേഷനിൽ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. മൈക്രോ ഒബ്സർവർമാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയും ജില്ലയിൽ സുരക്ഷ ഉറപ്പാക്കാനുണ്ട്. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന തോതിൽ 49 മാതൃകാ ബൂത്തുകൾ ജില്ലയിലുണ്ട്. വോട്ടർമാർക്ക് വരി നിൽക്കാതെ കാത്തിരിക്കാനുള്ള വിശ്രമ മുറികളും ലഘുഭക്ഷണവും ഇവിടെ ഉണ്ടാകും. വോട്ടർമാർക്കൊപ്പമെത്തുന്ന കുട്ടികൾക്ക് വിശ്രമിക്കാൻ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ 1962 ഭിന്നശേഷി വോട്ടർമാരാണുള്ളത്. ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 123തപാൽ വോട്ടുകൾ ഇതുവരെ ജില്ലയിൽ ലഭിച്ചു കഴിഞ്ഞു.