വയനാട്: വടക്കനാട് ആദിവാസി വ്യദ്ധനെ കടുവ ആക്രമിച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെന്ന മാസ്തിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. ഇന്നലെ ഉച്ചയ്ക്ക് വിറക് ശേഖരിക്കാൻ പച്ചാടി ഭാഗത്ത് പോയിരുന്ന ജഡയൻ വൈകിട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുൽപ്പള്ളി പച്ചാടി റോഡിൽ പെപ്പർ യാർഡ് ഭാഗത്തെ വനത്തിനുള്ളിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തല ഉൾപ്പെടെയുള്ള ഭാഗം കടുവ ഭക്ഷിച്ച നിലയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ പ്രതിഷേധമറിയിച്ചു. കൊല്ലപ്പെട്ട ജഡയന്‍റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പുകൊടുത്തു. ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.