വയനാട് : പുതുശ്ശേരിയില്‍ കര്‍ഷകന്‍റെ ജീവനെടുത്തതിനെ പിടികൂടിയെങ്കിലും തൊട്ടുപുറകെ പിലാക്കാവില്‍ പശുവിനെ അക്രമിച്ച് കൊന്നതോടെ വീണ്ടും വയനാടിനെ കടുവ ഭീതി കീഴടക്കുന്നു. ഇന്ന് പശുവിനെ കൊന്ന അതേ പ്രദേശത്താണ് മുന്‍പ് ആടിനേയും, മറ്റൊരു പശുവിനേയും കടുവ കൊന്നത്. നവംബര്‍ 04ന് ജോണ്‍സന്‍റെ (ബിജു) ആടും, നവംബര്‍ 17ന് ഊന്നുകല്ലിങ്കല്‍ കുമാരന്‍റെ പശുക്കിടാവിനെയാണ് പിലാക്കാവ് മണിയന്‍ കുന്നില്‍വച്ച് കടുവ കൊന്നത്.
ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നുച്ചയോടെ നടുതൊട്ടിയില്‍ ദിവാകരന്‍ എന്ന ഉണ്ണിയുടെ പശുക്കിടാവിനെ കടുവ കൊന്നത്. ഇതോടെ, നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. സംഭവസ്ഥലം, എം എല്‍ എ ഒ ആര്‍ കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
കടുവയെ കൂടുവച്ച് പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഉടനടി കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ വേഗം തന്നെ പൂർത്തിയാക്കും. കൂടാതെ പശുവിന്‍റെ ഉടമയായ കർഷകന് അർഹമായ ധനസഹായം നൽകാനും തീരുമാനമായി.
പുതുശേരിയിൽ കർഷകനെ കൊന്ന കടുവയെ ഇന്ന് ഉച്ചയോടെ കുപ്പാടിത്തറയിൽ നിന്നും മയക്കുവെടിവച്ച് കീഴടക്കിയിരുന്നു. ഈ കടുവയെ ഇന്ന് വൈകിട്ടോടെ ബത്തേരി കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിൽ എത്തിച്ചു. 24 മണിക്കൂർ നിരീക്ഷണം നടത്തുമെന്ന് ഡിഎഫ്ഒ സജ്‌ന കരീം പറഞ്ഞു.