വയനാട്: വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി നെയ്ത്ത് ഗ്രാമത്തില്‍ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വരുന്നു. ഇവിടെ ജൈവപാർക്ക്, വില്ലകൾ എന്നിവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. സഞ്ചാരികൾക്ക് വസ്‌ത്ര നിർമാണം നേരിട്ട് കണ്ട് മനസിലാക്കാനുള്ള സാഹചര്യം ഒരുക്കും. ഇതോടെ കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
60 യന്ത്രത്തറികളും 20 കൈത്തറികളുമാണ് നെയ്ത്ത് ഗ്രാമത്തിൽ ഉള്ളത്. യന്ത്ര തറികൾ തൃശ്ശിലേരിയിലും കൈത്തറികൾ തിരുനെല്ലിയിലുമാണുള്ളത്. അറുപതോളം തൊഴിലാളികളാണ് നെയ്ത്ത് ഗ്രാമത്തിൽ ഉള്ളത്. ഇതിൽ ആദിവാസികൾ അല്ലാത്തവരുമുണ്ട്. തിരുനെല്ലിയിലെ അവിവാഹിത ആദിവാസി അമ്മമാരെ പുനരധിവസിപ്പിക്കാൻ 1999ലാണ് നെയ്ത്ത് ഗ്രാമം തുടങ്ങിയത്. 14 ഏക്കർ സ്ഥലമാണ് വയനാട് നെയ്ത്ത് സഹകരണ സംഘത്തിന് കീഴിൽ ഉള്ളത്.