വയനാട്: വേട്ടയാടൽ ദിവസമായ തുലാം പത്തിന്‍റെ ഭാഗമായി വയനാട്ടിലെ മാനന്തവാടിയിൽ പാരമ്പര്യ അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു. കുറിച്യ, കുറുമ വിഭാഗങ്ങൾക്കിടയിലാണ് വേട്ടയാടൽ ദിവസം ആഘോഷിക്കുന്നത്. മാനന്തവാടിക്കടുത്ത് കമ്മനയിലാണ് ഈ വ്യത്യസ്ത മത്സരം അരങ്ങേറിയത്. ഗോത്ര ദീപം ഗ്രന്ഥാലയം ആണ് മത്സരം സംഘടിപ്പിച്ചത്.
പാരമ്പര്യ ആയുധമായ അമ്പും വില്ലും അതിരാവിലെ തറവാട്ടിൽ പൂജിച്ച ശേഷം വേട്ടയാടാൻ പോവുകയാണ് പതിവ്. കൃഷിയിടത്തിന് സമീപമുള്ള കാടുകളിലായിരുന്നു വേട്ടയാടൽ. കൃഷിക്ക് നാശം വരുത്തുന്ന മൃഗങ്ങളെ അകറ്റുകയായിരുന്നു ആചാരത്തിൻ്റെ ലക്ഷ്യം. വേട്ടയാടൽ ചടങ്ങ് മാത്രമായേ ഇപ്പോൾ നടത്താറുള്ളൂ. തുലാം പത്തിന് നടത്തുന്ന ആയുധ പൂജ കുറിച്യ, കുറുമ വിഭാഗത്തിലുള്ളവർ മുടക്കാറില്ല. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ അറുപത് പേരാണ് മത്സരത്തിൽ പങ്കെടുത്തത്.