വയനാട്: കുടക് അതിർത്തിയിലെ റോഡിൽ കർണാടക കമ്പിവേലി കെട്ടിയടച്ചു. ഗതാഗതം തടയാൻ റോഡിൽ തീർത്ത മൺകൂനക്ക് മുകളിലാണ് കമ്പിവേലി കെട്ടിയത്. വയനാട്ടിൽ നിന്ന് കർണാടകയിലെ കുടകിലേക്കും പരിസര പ്രദേശങ്ങളിലേക്കും മരുന്നും അത്യാവശ്യസാധനങ്ങളും മൺകൂന വരെ നടന്നെത്തിച്ചാണ് കൈമാറിയിരുന്നത്.
കമ്പിവേലി കെട്ടിയതോടെ അതിർത്തി ഗ്രാമങ്ങൾ തമ്മിലുള്ള എല്ലാ ബന്ധവും ഇല്ലാതായിരിക്കുകയാണ്. രാത്രി യാത്രാ നിരോധനമില്ലാത്ത ഏക പാതയായിരുന്നു ഇത്. ഇപ്പോൾ ബാവലി, മുത്തങ്ങ ചെക്പോസ്റ്റുകൾ വഴിയാണ് നിബന്ധനകൾക്ക് വിധേയമായി അന്തർസംസ്ഥാന ഗതാഗതമുള്ളത്.