വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കാരക്കാമല മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്നാണ് ഉത്തരവ്. സിസ്റ്റർ ലൂസിയെ പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ കോൺവെന്‍റിൽ താമസിക്കാൻ കഴിയില്ലെന്ന മദർ സൂപ്പീരിയറുടെ വാദവും കോടതി തള്ളി.
മഠത്തിൽ താമസിക്കാനുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ അവകാശത്തിൽ കീഴ്കോടതി എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതിയിൽ നിന്നുണ്ടായ അനുകൂല തീരുമാനത്തിൽ സന്തോഷമുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി.
അതേസമയം, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നിലവിൽ സിസ്റ്റർ ലൂസി താമസിക്കുന്ന കാരക്കാമല കോൺവെന്‍റിൽ ഒഴികെ മറ്റ് എവിടെ താമസിച്ചാലും സുരക്ഷ നൽകാൻ പൊലീസിന് കോടതി നിർദേശം നൽകി. എന്നാൽ കോൺവെന്‍റിലെ താമസക്കാര്യം തീരുമാനിക്കേണ്ടത് മുൻസിഫ് കോടതിയാണെന്നും കേസ് മൂന്നാഴ്ചക്കകം തീർപ്പാക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
സഭ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‍സിസി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തിടെ ശരിവെച്ചിരുന്നു. എന്നാൽ ഇത് വത്തിക്കാൻ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റർ ലൂസി കളപ്പുര, മഠം വിട്ടുപോകാൻ തയ്യാറായില്ല.
Also Read: ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി