വയനാട്: പുൽപ്പള്ളി സീതാ മൗണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്‌ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. വയനാട് വൈൽഡ് ലൈഫ് വാർഡൻ എസ്.നരേന്ദ്രബാബു, സി.സി.എഫ് വിനോദ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം വനപാലകർ ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
നിലവിൽ ഐശ്വര്യ കവല, പാറ കവല എന്നിവിടങ്ങളിലെ സ്വകാര്യ തോട്ടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന. പ്രദേശത്തെ ജനങ്ങളോട് പരമാവധി വീടുകളിൽ തന്നെ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ മുന്‍ കരുതലുകളുടെ ഭാഗമായി വാഹന അനൗൺസ്മെന്‍റുമുണ്ട്.
ഇന്നലെ റെയ്‌ഞ്ച് ഓഫീസറെ ആക്രമിച്ചതിന് ശേഷം കടുവയെ ആരും കണ്ടതായി വിവരമില്ല. കൊളവള്ളി സെന്‍റ് ജോർജ്ജ് പള്ളിക്ക് സമീപവും കബനി പുഴയുടെ തീരത്തെ കൃഷിയിടത്തിലും കടുവയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. വെറ്ററിനറി സർജൻമാരടക്കുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അത്യാധുനിക സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.