.
വയനാട് : പുൽപ്പള്ളിക്കടുത്ത് വണ്ടികടവിൽ ഇറങ്ങിയ കടുവയെ കാട്ടിലേക്ക് തുരത്തി.
കുറിച്യാട് വനമേഖലയിലേക്കാണ് കടുവയെ തുരത്തിയത്. നാട്ടുകാരുടെയും, വനപാലകരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കടുവയെ കാട് കയറ്റനായത്.
ഇന്നലെ വൈകുന്നേരത്താടെയാണ് വയനാട് പുല്‍പ്പള്ളി വണ്ടിക്കടവിലെ ജനവാസകേന്ദ്രത്തിൽ കടുവ ഇറങ്ങിയത്. നാട്ടുകാരെ മണിക്കൂറുകളോളം ഭീതിയിൽ ആഴ്ത്തിയ കടുവ കാട്ടിലേക്ക് പോകാതെ നിലയുറപ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാഭരണകൂടം 144 പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ വളർത്തു മൃഗത്തെ കൊലപ്പെടുത്തിയ കടുവ ഒരു കിലോമീറ്റർ അകലേക്ക് മാറി.
തുടർന്ന് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താൻ വനപാലകരുടെയും നാട്ടുകാരുടെയും ശ്രമം തുടങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവശനായ കടുവ കാട്ടിലേക്ക് തിരിച്ചു കയറി. പ്രായവും പരുക്കും കാരണം അവശനിലയിലായതിനാലാണ് ഇര പിടിക്കാൻ കടുവ നാട്ടിലിറങ്ങിയത് എന്നാണ് കരുതുന്നത്. വളർത്തു മൃഗത്തെ നഷ്ടമായവർക്കു ഉടൻ നഷ്ടപരിഹാരം നല്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.