വയനാട്: കൊട്ടിയൂർ പീഡന കേസിൽ ഉൾപ്പെട്ട ഫാദർ റോബിൻ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് മാര്‍പാപ്പ നീക്കം ചെയ്തു. പള്ളിമേടയിൽ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിന്‍റെ പേരില്‍ അറസ്റ്റിലായ ഫാദറെ 2017 ഫെബ്രുവരി 27-ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ 2017ൽ സഭ കമ്മിഷനെ നിയമിക്കുകയും 2017 മാര്‍ച്ചിൽ തന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
കാനോനികമായ എല്ലാ നടപടിക്രമങ്ങളും സഭാനിയമപ്രകാരം റോമിലെ വിശ്വാസതിരുസംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടത്തിയിരുന്നത്. റിപ്പോര്‍ട്ട് വിശ്വാസതിരുസംഘത്തിന് കൈമാറി. സിവില്‍ നിയമപ്രകാരം വിചാരണ നേരിട്ട റോബിന്‍ വടക്കുംചേരിക്ക് തലശേരി പോക്സോ കോടതി 2019 ഫെബ്രുവരിയിൽ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചു. വിധിയുടെ വെളിച്ചത്തില്‍ സഭാപരമായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ വിശദവിവരങ്ങള്‍ റോമില്‍ വിശ്വാസതിരുസംഘത്തിന് സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2019 ജൂണിൽ ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ റോമില്‍ ആരംഭിച്ചു. കേസിനെക്കുറിച്ചുള്ള കക്ഷിയുടെ വാദഗതികള്‍ രേഖാമൂലം അറിയിക്കാന്‍ വിശ്വാസതിരുസംഘം ആവശ്യപ്പെട്ടു.
ഇതിനു ശേഷം വിശ്വാസതിരുസംഘം നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 5ന് ഫ്രാന്‍സിസ് മാര്‍പാപ്പ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്തുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത് മാര്‍ച്ച് ഒന്നിനാണ്. വൈദികരെ വൈദികാന്തസ്സിൽ നിന്ന് എന്നന്നേക്കുമായി പുറത്താക്കാനുള്ള അധികാരം മാർപ്പാപ്പാക്ക് മാത്രമാണ് ഉള്ളത്. 2020 ഫെബ്രുവരിയിൽ മാർപ്പാപ്പയുടെ ഡിക്രി മാനന്തവാടി രൂപത വഴി റോബിന്‍ വടക്കുംചേരി കൈപ്പറ്റിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിക്രി ഒപ്പിട്ടു സ്വീകരിച്ചുവെന്ന ഔദ്യോഗികരേഖ റോമിലേക്ക് അയച്ചിരിക്കുകയാണ്.