വയനാട്: പ്രളയം കഴിഞ്ഞ് വർഷം ഒന്നാകാറായെങ്കിലും അറ്റകുറ്റപ്പണി നടത്താതെ കിടക്കുകയാണ് മാനന്തവാടിക്കടുത്ത് വരടിമൂലയിൽ പ്രളയത്തിൽ ഇടിഞ്ഞു താഴ്ന്ന റോഡ്. റോഡുപണി നടത്താത്തതുകൊണ്ട് തകർച്ചാ ഭീഷണിയിലാണ് സമീപത്തെ ആദിവാസി കോളനിയിലെ വീടുകൾ. കഴിഞ്ഞ പ്രളയത്തിൽ റോഡ് 100 മീറ്റർ താഴെ വയലിലേക്ക് ഇടിഞ്ഞു താഴ്ന്നു. റോഡിനു മുകളിൽ ഉള്ള പണിയ ആദിവാസി കോളനിയിലെ 15 വീടുകൾക്കും കേടുപാട് പറ്റി. ഇക്കഴിഞ്ഞ വേനൽ മഴയിൽ റോഡ് വീണ്ടും ഇടിഞ്ഞു താഴ്ന്നു.
മഴ കനത്താൽ ഇരുചക്രവാഹനത്തിൽ പോലും റോഡിലൂടെ സഞ്ചരിക്കാനാവില്ല. സംരക്ഷണഭിത്തി കെട്ടി റോഡ് പണിയാൻ ഒന്നര കോടി രൂപയെങ്കിലും ആകും എന്നാണ് നഗരസഭയുടെ കണക്ക്. കിഫ്ബി സഹായത്തോടെ പണി നടത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഇതിന് വരുന്ന കാലതാമസവും നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു.