വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായ പ്രമുഖന്‍ അദാനിയേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. വയനാട് മണ്ഡല പര്യടനത്തിനിടെ മീനങ്ങാടിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരൊറ്റ കർഷകനെയും താൻ സന്തോഷവാനായി കണ്ടില്ല. ധനാഢ്യന്മാരുടെയും കോടിപതികളുടെയും വായ്‌പകൾ മാത്രം എന്തുകൊണ്ടാണ് എഴുതി തള്ളുന്നതെന്ന് കര്‍ഷകര്‍ ചോദിച്ചതായി രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.
അദാനി എന്തുകൊണ്ട് എല്ലാ വിദേശയാത്രകളിലും മോദിയെ അനുഗമിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. താൻ പാർലമെൻ്റിൽ പറഞ്ഞതെല്ലാം യാഥാർഥ്യമാണ്. രേഖകളിൽ നിന്ന് നീക്കിയാലും താനതിലെല്ലാം ഉറച്ചുനിൽക്കുന്നു. തന്നെ എല്ലാവരും ഭയപ്പെടുന്നുവെന്നാണ് മോദി കരുതുന്നത്. എന്നാല്‍, താൻ അദ്ദേഹത്തെ ഏറ്റവും അവസാനം ഭയക്കുന്ന ആള്‍ മാത്രമാണ്. മോദി സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ശരീരഭാഷയും ഞാൻ സംസാരിക്കുമ്പോൾ എൻ്റെ ശരീരഭാഷയും നിങ്ങൾ നോക്കൂ. ആരാണ് സത്യം പറയുന്നതെന്ന് നിങ്ങൾക്ക് മനസിലാകുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
'ചട്ടങ്ങൾ അദാനിക് വേണ്ടി ലംഘിച്ചു': അദാനിയും മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്‍റില്‍ സംസാരിച്ചിരുന്നു. ബഹുമാനത്തോടെ, നല്ല ഭാഷയിൽ യാഥാർഥ്യങ്ങൾ ഉയർത്തി കാട്ടുക മാത്രമാണ് ചെയ്‌തത്. പ്രധാനമന്ത്രി വിദേശത്ത് പോവുമ്പോൾ അദാനി എങ്ങനെയാണ് അദ്ദേഹത്തിന്‍റെ ഒപ്പം പോവുക എന്നാണ് ചോദിച്ചത്. തിരിച്ചുവരുമ്പോൾ ആ രാജ്യവുമായി എങ്ങനെയാണ് അദാനി കരാർ ഒപ്പിടുന്നത്. രാജ്യത്തിന്‍റെ 30 ശതമാനം എയർപോർട്ടുകളും അദാനിക്ക് സ്വന്തമായത് മോദിയുമായുള്ള ബന്ധം മൂലമാണ്. വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അദാനിക് വേണ്ടി ലംഘിക്കപ്പെട്ടു.
ഇരുവരും ഓസ്ട്രേലിയയിൽ പോയതിനുപിന്നാലെ 10 ലക്ഷം ഡോളറിന്‍റെ കോൺട്രാക്‌ട് അദാനിക് കിട്ടി. മുംബൈ വിമാനത്താവളം കേന്ദ്ര ഏജൻസികളെവച്ച് ഭീഷണിപ്പെടുത്തിയാണ് അദാനി ഏറ്റെടുത്തത്. അദാനി, അംബാനി എന്നിവരെക്കുറിച്ച് പറഞ്ഞാൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് പോലെയാണ് അവർ കാണുന്നത്. അദാനിയും മോദിയും ഫ്ലൈറ്റിൽ പോകുന്ന ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. മോദി പോവുന്ന സ്ഥലങ്ങളിൽ ഒക്കെ അദാനിയും എത്താറുണ്ട്. സത്യം മാത്രമാണ് പാർലമെന്‍റില്‍ പറഞ്ഞത്.
'നുണയല്ല പറഞ്ഞത്, എന്നിട്ടും പ്രസംഗം നീക്കി': ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഗൂഗിളിൽ പരിശോധിച്ചാൽ മനസിലാകും. പാർലമെന്‍റ് പ്രസംഗം, രേഖയിൽ നീക്കം ചെയ്യണമെങ്കിൽ ആരെയെങ്കിലും മോശമായി പറയുകയോ നുണ പറയുകയോ ചെയ്യണം. ഇതൊന്നുമില്ലാതെയാണ് തന്‍റെ പ്രസംഗം പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കം ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും പ്രസംഗത്തിനിടെ രാഹുൽ കുറ്റപ്പെടുത്തി. കേന്ദ്രവും സംസ്ഥാനവും കൃഷിക്കാരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കാർഷിക മേഖലയിലെ തൊഴിലാളികളെയും സഹായിക്കണമെന്നും അദ്ദേഹം പ്രഗംഗത്തിനിടെ ആവശ്യപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ ദാനവും വേദിയില്‍ വച്ച് രാഹുല്‍ ഗാന്ധി വിതരണം ചെയ്‌തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുവച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിശ്വനാഥന്‍റെ കല്‍പ്പറ്റ പറവയലിലുള്ള വീട് സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.