വയനാട്: ജൂലൈ ഒന്ന് മുതൽ മൂന്ന് ദിവസത്തേക്ക് എംപി രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ മണ്ഡലമായ വയനാട് സന്ദർശിക്കും. എസ്എഫ്ഐ പ്രവർത്തകർ അദ്ദേഹത്തിന്‍റെ ഓഫിസ് ആക്രമിച്ച് ഒരു ആഴ്‌ചയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനെത്തുന്നത്.
വെള്ളിയാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ മാനന്തവാടിയിലെ കർഷക ബാങ്ക് കെട്ടിടത്തിന്‍റെ ഉദ്ഘാടനവും സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് ബഹുജന സംഗമവും ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്‌ച കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞയാഴ്‌ച എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിലെ എംപി ഓഫിസിൽ അതിക്രമിച്ച് കയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് എംപി ഓഫിസ് അടിച്ചു തകർത്തതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതൃത്വം രംഗത്തെത്തിയിരുന്നു.