വയനാട്: പ്രളയബാധിത മേഖലകൾ സന്ദർശിക്കുന്നതിന് രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വയനാട്ടിൽ എത്തും. കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗമാണ് വയനാട്ടിൽ എത്തുന്നത്. രണ്ടു മണി മുതൽ രണ്ടര വരെ തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. ഇവിടെയുള്ള ദുരിത ബാധിതർക്ക് അവശ്യ സാമഗ്രികൾ വിതരണം ചെയ്യും. പ്രളയം ബാധിച്ച മറ്റ് നാലിടങ്ങളിലും ഇന്നു തന്നെ രാഹുൽ സന്ദർശനം നടത്തും.
രാത്രി മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് എംപി താമസിക്കുക. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ തിരുനെല്ലി പഞ്ചായത്തിലെ പ്രളയബാധിതരെ രാഹുൽ ഗാന്ധി സന്ദർശിക്കും. തുടർന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിലെ പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തും. വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തിരിക്കുക.