വയനാട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾക്ക് വയനാട്ടിൽ തുടക്കമായി. രാവിലെ മാനന്തവാടിയിൽ റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. എരുമത്തെരുവിൽ നിന്ന് തുടങ്ങിയ റോഡ് ഷോ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഇതിനിടെ ഗാന്ധി പാർക്കിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.
ആശയപരമായി ഇടതുപക്ഷത്തോട് എതിർപ്പുണ്ടെങ്കിലും അവരോട് വെറുപ്പില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനും ബഫർ സോൺ പ്രശ്‌നം പരിഹരിക്കാനും താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിലെത്തിയാൽ മെഡിക്കൽ കോളജ്, ബഫർസോൺ വിഷയങ്ങൾ ഉൾപ്പെടെ വയനാട് നേരിടുന്ന തൊണ്ണൂറ് ശതമാനം പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രചാരണ പരിപാടികൾക്കായി ഈ മാസം 4ന് രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞു പോക്ക് നേരിടുന്ന വയനാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. പ്രചാരണത്തിന് രാഹുൽ തന്നെ നേതൃത്വം നൽകുമ്പോൾ പ്രവർത്തകരിൽ വൻ ആവേശമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. അണികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ ഇതിന് കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.